കണ്ണൂർ : ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ, പുതിയതെരു ടൗണിൽ പ്രവർത്തിച്ചുവരുന്ന ആഡ് മേക്കേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഫ്ലെക്സ് റോളുകളും ബാനറുകളും പിടികൂടി 10000 രൂപ പിഴ ചുമത്തി. സർക്കാർ ഉത്തരവ് പ്രകാരം നിഷ്കർശിച്ചിട്ടുള്ള ലോഗോകൾ ഉൾപ്പെടുത്താത്ത ബാനറുകളും പിടികൂടി. വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ അഞ്ചോളം ഫ്ലെക്സ് റോളുകളും പിടിച്ചെടുത്തു.
100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ വ്യക്തമായ ക്യു. ആർ കോഡ് , പിവിസി ഫ്രീ, റീ സൈക്കിൾ ലോഗോ, സ്ഥാപനത്തിൻ്റെ പേര്, നമ്പർ എന്നിവ ഉൾപ്പെടുത്തിയും മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളു എന്ന നിയമം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തതും ചെയ്യാൻ സംഭരിച്ചു വെച്ചതുമായ നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്. പരിശോധനാ സംഘത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷാൻ എം എം വി തുടങ്ങിയവരും ഉണ്ടായിരുന്നു.