+

കണ്ണൂർ പരിയാരം പഞ്ചായത്തിൽ എട്ട് ബൂത്തുകളിൽ അട്ടിമറിക്ക് നീക്കം ; സി.പി.എം കള്ളവോട്ടിന് പരിശീലനം നൽകിയെന്ന് യു.ഡി.എഫ്

പരാജയ ഭീതി കാരണം പരിയാരം പഞ്ചായത്തിൽ കുറ്റിയേരി വില്ലേജിലെ എട്ട് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മറ്റി

തളിപ്പറമ്പ്: പരാജയ ഭീതി കാരണം പരിയാരം പഞ്ചായത്തിൽ കുറ്റിയേരി വില്ലേജിലെ എട്ട് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജനാധിപത്യ രീതിയിൽ നടത്തേണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അട്ടിമറിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. കുറ്റിയേരി വില്ലേജിൽ പ്പെട്ട വെള്ളാവ്, മാവിച്ചേരി, ചെറിയൂര്, എന്നീ പ്രദേശങ്ങളിൽ വ്യാപകമായി യു.ഡി.എഫിൻ്റെ ബോർഡുകളും പോസ്റ്ററുകളും കോൺഗ്രസിൻ്റെ കൊടിമരവും ഇരുളിൻ്റെ മറവിൽ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. 

Move to sabotage eight booths in Kannur Pariyaram Panchayat; UDF says CPM provided training for fake votes

ഇത്തരം  പ്രവർത്തികൾക്കെതിരെ പ്രതികരിക്കാത്തത് യു.ഡി.എഫിൻ്റെ ദൗർബല്യമായി കാണരുത്. സ്വാധീനം ഉപയോഗിച്ച് പാർട്ടി കേന്ദ്രങ്ങളിൽ ബൂത്ത് നിശ്ചയിക്കുകയും ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് വ്യാപക കള്ളവോട്ട് നടത്താനുമാണ് സി.പി.എമ്മിൻ്റെ തീരുമാനം. പരാജയ ഭീതി സി.പി.എമ്മിനെ അസ്വസ്ഥമാക്കുകയാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ ഭരണം യു.ഡി.എഫിൻ്റെ കൈകളിൽ എത്തും. അത്ര മാത്രം പഞ്ചായത്തിലെ വോട്ടർമാർ കഴിഞ്ഞ കാലങ്ങളിലെ ഭരണം മടുത്തിരിക്കുകയാണ്. 

തെരഞ്ഞെടുപ്പ് വിധി അനുകൂലമാക്കാൻ വ്യാപക കള്ളവോട്ട് നടത്താനാണ് സി.പി.എമ്മിൻ്റെ തീരുമാനമെന്നാണ് വിവരം. കള്ളവോട്ട് ചെയ്യുന്നതിനും യു.ഡി.എഫ് പ്രവർത്തകരെ നേരിടുന്നതിനും സി.പി.എമ്മിൻ്റെ ശക്തി കേന്ദ്രമായ ആന്തൂർ മോറാഴയിൽ വച്ച് 17 പേർക്ക് പരിശീലനം നൽകിയതായി വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വച്ച് ജില്ലാ പൊലിസ് മേധാവിക്കും കളക്ടർക്കും പരാതി നൽകുകയും കാമറകൾ വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ സി.പി.എമ്മിന് കൂട്ടുനിന്നാൽ നിയമ നടപടികളുമായി മുന്നോട്ട് പോകും. 

സമാധാനപരമായി സത്യസന്ധമായി തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ഇതിന് വിപരീതമായി എന്തെങ്കിലും നടന്നാൽ എന്ത് വിലകൊടുത്തും തടയാൻ യു.ഡി.എഫ് സജ്ജമാണെന്നും യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം.എ ഇബ്രാഹിം, ഇ. വിജയൻ, പി.സി.എം അഷറഫ്, പി.വി സജീവൻ, പി.വി അബ്ദുൽ ഷുക്കൂർ എന്നിവർ പങ്കെടുത്തു.

facebook twitter