തൊണ്ണൂറ്റിയേഴാം വയസ്സിലും ചോരാത്ത ആവേശം ; ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൈ ഉയർത്തി വോട്ടുചെയ്ത ഓർമ്മകളുമായി കുഞ്ഞമ്പു നായർ

12:22 PM Dec 10, 2025 | Kavya Ramachandran

തളിപ്പറമ്പ്: വ്യാഴാഴ്ച തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കണ്ടോന്താറിലെ കരുമാലക്കൽ ഏരത്തു വീട്ടിൽ കുഞ്ഞമ്പു നായർ. 97 വയസെത്തിയെങ്കിലും ഓരോ തിരഞ്ഞെടുപ്പും ഇദ്ദേഹത്തിന് ഒരു ഉത്സവമാണ്. എന്നാൽ, തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ കുഞ്ഞമ്പു നായരുടെ മനസ്സിൽ നിറയുന്നത് 69 വർഷം മുൻപ് നടന്ന ചരിത്രപരമായ ഒരു വോട്ടെടുപ്പിന്റെ ഓർമ്മകളാണ്. കേരളത്തിലെ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. 1956, ഏപ്രിൽ മാസം. നിലവിലെ ബാലറ്റ് രീതിയോ ഇലക്ട്രോണിക് വോട്ടിങ് മെഷീനോ ഇല്ലാത്ത കാലം. 

അന്നത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം ഇന്നത്തെ തലമുറയ്ക്ക് ഒരു അത്ഭുതമാണ്. പോളിങ് ബൂത്തായ സ്‌കൂൾ ഹാളിൽ വരിവരിയായി നിന്ന വോട്ടർമാർ, ഉദ്യോഗസ്ഥൻ സ്ഥാനാർത്ഥിയുടെ പേര് വിളിച്ചു പറയുന്നു. ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേര് വിളിക്കുമ്പോൾ, വോട്ടർമാർ കൈ ഉയർത്തി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം. 9 അംഗ ഭരണസമിതിയിലേക്കായിരുന്നു അന്ന് തിരഞ്ഞെടുപ്പ് നടന്നത്, രണ്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സാധിച്ചതിലെ സന്തോഷം കുഞ്ഞമ്പു നായർ ഇന്നും ഓർത്തെടുക്കുന്നു. " കൈ ഉയർത്തി വോട്ട് ചെയ്യുക എന്നത് ഇന്നത്തെ വോട്ടിങ്ങിൽ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. 

തിരഞ്ഞെടുപ്പ് രഹസ്യമല്ല, എന്നാൽ ജനങ്ങൾക്കിടയിൽ അതൊരു വലിയ ആവേശമായിരുന്നുവെന്ന് കുഞ്ഞമ്പു നായർ പറയുന്നു. തിരഞ്ഞെടുപ്പ് രീതി മാത്രമല്ല, അന്നത്തെ പ്രചാരണ രീതികളും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നത്തെപ്പോലെ വലിയ വാഹന പ്രചാരണങ്ങളോ ഡിജിറ്റൽ പരസ്യങ്ങളോ അന്നില്ല. രാത്രികാലങ്ങളിൽ ചൂട്ടു കത്തിച്ചുള്ള പ്രകടനമായിരുന്നു പ്രധാന ആകർഷണം. ടോർച്ച് ലൈറ്റുകൾ പ്രചാരത്തിലില്ലാത്ത കാലത്ത് ഇരുട്ടിൽ സ്ഥാനാർത്ഥികൾക്ക് വഴികാട്ടിയത് ഈ ചൂട്ടുകളാണ്. പ്രസംഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൈക്ക് സെറ്റുകൾ പരിമിതമായിരുന്ന അക്കാലത്ത്, പ്രചാരകർ കുന്നിൻ മുകളിൽ കയറി മൈക്രോഫോണും നിലവിളക്കിന്റെ അടിഭാഗവും ഉപയോഗിച്ച് ശബ്ദം ഉച്ചത്തിൽ പുറത്തേക്ക് കേൾപ്പിക്കാനുള്ള വിദ്യ ഉപയോഗിച്ചു. 

കാലം മാറിയപ്പോൾ കടലാസ് ബാലറ്റ് വോട്ടിങ് സമ്പ്രദായം വന്നു,  അത് പരിഷ്കരിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനും എത്തി. സമ്പ്രദായങ്ങൾ മാറിയെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നാടിന്റെ വികസനത്തിന് വോട്ട് രേഖപ്പെടുത്താനുള്ള കുഞ്ഞമ്പു നായരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. നാളെയും ബൂത്തിലെത്തി തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഒരുങ്ങുകയാണ് ഈ 97കാരൻ.