ഇത്തവണയും പ്രതിപക്ഷമില്ല; കണ്ണൂരിലെ ആന്തൂർ ചുവന്ന് തുടുത്ത് തന്നെ , എല്ലാ വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് വിജയം

02:47 PM Dec 13, 2025 |


കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റി ഇത്തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഐകകണ്ഠ്യേനയുള്ള വിജയമാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് നടന്ന എല്ലാ വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു.

തുടർച്ചയായി രണ്ടുതവണ പ്രതിപക്ഷമില്ലാത്ത ഭരണസമിതി നിലവിലുണ്ടായിരുന്ന ആന്തൂരിൽ, ഇത്തവണയും സ്ഥിതിക്ക് മാറ്റമില്ല. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ തന്നെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ശേഷിക്കുന്ന വാർഡുകളിലും എൽഡിഎഫ് വിജയം നേടിയത്.

2015-ൽ രൂപം കൊണ്ട നഗരസഭ നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. പദ്ധതി വിഹിതം കൃത്യമായി വിനിയോഗിക്കുന്നതിലും നികുതി പിരിവിലും ആന്തൂർ മുൻനിരയിൽ ആയിരുന്നു. പൊതുഭരണം, സംരംഭക പ്രവർത്തനങ്ങൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, ദാരിദ്ര്യലഘൂകരണ പദ്ധതികൾ എന്നിവയുടെ നടത്തിപ്പിലെ മികവും ആരോഗ്യ-മാലിന്യസംസ്‌കരണ രംഗത്തെ പ്രവർത്തനങ്ങളും എൽഡിഎഫിന് ജനങ്ങൾക്കിടയിൽ അംഗീകാരം നേടിക്കൊടുത്തു.