
കണ്ണൂർ : കണ്ണൂർ ജില്ലയിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും നേരിട്ട് പ്രചരണത്തിനെത്തി ഭരണ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചിട്ടും എൽഡിഎഫിന് ഒരു ചലനവും സൃഷ്ടിക്കാനായില്ല.
കണ്ണൂർ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കേണ്ടത് അഭിമാന പ്രശ്നമായി കണ്ട മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും മുൻകാലങ്ങളിലെക്കാൾ വലിയ തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. പതിറ്റാണ്ടുകളോളം എൽഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന ഒട്ടേറെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു എന്ന് മാത്രമല്ല മെമ്പർമാരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. യുഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്ക് അവർക്കുതന്നെ വിനയായി മാറിയതാണ് കണ്ണൂർ കോർപ്പറേഷനിലടക്കം കണ്ടത്.
സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ടെമ്പിൾ വാർഡിൽ ബിജെപി വിജയിക്കാനും സിപിഎം മൂന്നാം സ്ഥാനത്തെത്താനുമിടയാക്കിയ വോട്ടുനില പരിശോധിച്ചാൽ സിപിഎം അണികളുടെ വോട്ട് ബിജെപിക്ക് മറിഞ്ഞതായി വ്യക്തമാകും. യുഡിഎഫിന്റെ സീറ്റുകൾ പരമാവധി ചുരുക്കി കണ്ണൂർ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ വഴിവിട്ട നീക്കങ്ങളാണ് സിപിഎം നടത്തിയത്. അത് ബിജെപിക്ക് താൽക്കാലിക നേട്ടമുണ്ടാക്കി എന്നല്ലാതെ സിപിഎമ്മിന് ഒരുതരത്തിലും ഗുണം ചെയ്തിട്ടില്ല.
കണ്ണൂരിലെ യുഡിഎഫ് സംവിധാനത്തിന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കണ്ടത്. അശാസ്ത്രീയമായി വാർഡുകൾ വിഭജിച്ചും കൂട്ടിച്ചേർത്തും വിജയിക്കാൻ എല്ലാ കുതന്ത്രങ്ങളും അധികാരത്തിന്റെ പിൻബലത്തിൽ പ്രയോഗിച്ചിട്ടും ജനങ്ങൾ സിപിഎമ്മിനെയും പിണറായി സർക്കാരിനെയും കൈവിട്ടു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അന്ധമായ കോൺഗ്രസ് വിരോധത്തിൽ ബിജെപിയെ പോലും വളർത്താൻ നോക്കുന്ന സിപിഎം അവരുടെ കാൽ ചുവട്ടിലെ മണ്ണ് അടർന്നു പോകുന്നത് തിരിച്ചറിയണം.
അക്രമങ്ങളും കള്ളവോട്ടും കൊണ്ടുമാത്രം വിജയിക്കാമെന്ന സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പിഴക്കുകയാണ്. മഹാഭൂരിപക്ഷം ജനങ്ങൾ , സി പി എമ്മിൻ്റെ സ്വന്തം അണികൾ പോലും പിണറായി ഭരണത്തെ വെറുക്കുകയാണ്. യുഡിഎഫിനെ തകർക്കാൻ സിപിഎമ്മിന്റെ അച്ചാരം വാങ്ങി ദാസ്യ പണിയെടുത്തവർക്കും കണ്ണൂർ കോർപ്പറേഷനിൽ മുഖമടച്ച പ്രഹരമാണ് വോട്ടർമാർ നൽകിയത്.
സ്ഥാനാർത്ഥിനിർണയത്തിലും പ്രചരണ പ്രവർത്തനങ്ങളിലും യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഒരു മനസ്സോടെ നിലകൊണ്ടതിന്റെ നേട്ടമാണ് കണ്ണൂർ ജില്ലയിൽ ഉണ്ടായത്.കണ്ണൂർ കോർപ്പറേഷനിൽ ലീഡ് ഉയർത്താനും മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരിച്ച മുനിസിപ്പാലിറ്റികൾ നിലനിർത്താനും, സീറ്റ് നില വർധിപ്പിക്കാനും കഴിഞ്ഞു.
3 ബ്ലോക്ക് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. യുഡിഎഫ് ഭരിച്ച പഞ്ചായത്തുകളിൽ ഭരണം നിലനിർത്തുന്നതിനോടൊപ്പം ഉദയഗിരി, പയ്യാവൂർ കണിച്ചാർ,ആറളം , കേളകം, കൊട്ടിയൂർ, കുന്നോത്തുപറമ്പ്,നാറാത്ത് , ചെറുപുഴ,മുണ്ടേരി ഇന്നീ പത്ത് പഞ്ചായത്തുകളിൽ ഭരണം സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു. ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് അംഗസംഖ്യ വർധിപ്പിച്ചു തിളക്കമാർന്ന വിജയം യുഡിഎഫിന് ജില്ലയിൽ സമ്മാനിച്ച മുഴുവൻ വോട്ടർമാരോടും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഉജ്വല വിജയം നേടിയ സ്ഥാനാർത്ഥികളെയും സിപിഎമ്മിന്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ മുഴുവൻ ആളുകളെയും അഭിനന്ദിക്കുന്നതായും മാർട്ടിൻ ജോർജ് പറഞ്ഞു.