ഇറിഡിയം വില്‍പനയിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ ഡിവൈഎസ്പിക്ക് പിന്നാലെ കന്യാസ്ത്രീകളും പൂജാരിയും കുടുങ്ങി. പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പത്ത് കോടി രൂപ തിരിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇടുക്കി, എറണാകുളം ജില്ലകളിലെ ആറ് കന്യാസ്ത്രീകളില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതവും മാവേലിക്കര സ്വദേശിയായ പൂജാരിയില്‍ നിന്ന് ഒരു കോടി രൂപയും സംഘം ഇത്തരത്തില്‍ തട്ടിയെടുത്തതായി പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം കേരളത്തിലെ വിവിധ ജില്ലകളില്‍ ശാഖകളായാണ് തട്ടിപ്പ് നടത്തുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വരെ തട്ടിപ്പിന് വിധേയരായെന്നാണ് വിവരം. റിസര്‍വ് പോലീസിലെ ഒരു ഡിവൈഎസ്പിയില്‍ നിന്ന് 25 ലക്ഷം രൂപയും ഒരു വനിതാ എസ്ഐയുടെ ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവില്‍ നിന്ന് 10 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു. ഇടുക്കിയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് 39 ലക്ഷം രൂപയാണ് സംഘത്തിന് നല്‍കിയത്. റിസര്‍വ് ബാങ്ക് വഴി പണം ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുമെന്നും കേസുമായി മുന്നോട്ട് പോയാല്‍ ഈ തുക നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയായവരെ വര്‍ഷങ്ങളോളം സംഘം നിശബ്ദരാക്കിയത്.
മലയോര മേഖലയില്‍ നിന്നുള്ള ഒരു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തങ്ങളുടെ യോഗങ്ങളില്‍ പങ്കെടിപ്പിച്ചാണ് സംഘം വിശ്വാസ്യത നേടിയെടുത്തത്. അതേസമയം,തൃശ്ശൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തട്ടിപ്പുനടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.