കണ്ണൂർ : കർക്കടകം ഒന്ന് പിറന്നതോടെ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണശീലുകൾ ഉയർന്നു തുടങ്ങി. പ്രഭാതം മുതൽ പ്രദോഷവരെ എങ്ങും ഉയർന്നു കേൾക്കുക രാമായണ ശീലുകൾ മാത്രമാണ്. കർക്കിടക മാസാരംഭത്തിന് മുൻപ് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കിയിരുന്നു.
കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോൾ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം. പൂർവ്വികരെയും മൺമറഞ്ഞ പിതൃക്കളെയും ഓർമ്മിക്കാനായി കർക്കിടകവാവിന് പിതൃക്കൾക്ക് ബലി ദർപ്പണവും നടത്തും.
ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നൽകുന്ന മാസം കൂടിയാണ് ഈ കർക്കിടകം. ഈ മാസം തയ്യാറാക്കുന്ന കർക്കിടക കഞ്ഞി ഏറെ പ്രശസ്തമാണ്. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്.