ബംഗ്ളൂരു : വട്ടിപ്പലിശക്കാരെ കർശനമായി നിയന്ത്രിക്കാൻ കർണാടക നിയമം കൊണ്ടു വരുന്നു. റജിസ്റ്റർ ചെയ്യാത്ത വട്ടിപ്പലിശക്കാരിൽ നിന്ന് പണം വാങ്ങിയ ആരും മുതലും പലിശയും തിരിച്ച് കൊടുക്കണ്ട. ആ പണം തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാർക്കോ അത്തരം സ്ഥാപനങ്ങൾക്കോ കോടതിയെയോ പൊലീസിനെയോ സമീപിക്കാനാകില്ലെന്നതടക്കം നിഷ്കർഷിക്കുന്ന നിയമമാണ് കൊണ്ടുവരുന്നത്.
കർണാടക മൈക്രോ ഫൈനാൻസ് നിയന്ത്രണ നിയമം 2025-ന്റെ കരട് ഓർഡിനൻസ് തയ്യാറായി. പുതിയ ഓർഡിനൻസ് അനുസരിച്ച് ഗുണ്ടകളെ ഉപയോഗിച്ച് പണപ്പിരിവിന് ശ്രമിച്ചാൽ കർശന ശിക്ഷ ലഭിക്കും. ഓർഡിനൻസ് നിയമമായാൽ 30 ദിവസത്തിനകം പലിശയ്ക്ക് പണം കൊടുക്കുന്നവരും സ്ഥാപനങ്ങളും റജിസ്ട്രേഷൻ പൂർത്തിയാക്കണം.
എത്ര പലിശയ്ക്കാണ് പണം കടം കൊടുക്കുന്നത് എന്ന് രേഖാമൂലം എഴുതി നൽകണം. നിലവിൽ എത്ര പേർക്ക്, എത്ര രൂപ, എത്ര പലിശയ്ക്ക് നൽകി എന്നും, അതിലെത്ര മുതലും പലിശയുമായി തിരിച്ച് കിട്ടി എന്നും കണക്ക് നൽകണം. അതിൽ കടം കൊടുത്തയാളുടെ പേര്, വിലാസം അടക്കമുള്ള വിവരങ്ങളുണ്ടാകണം. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കൂവെന്ന സത്യവാങ്മൂലവും നൽകണം. ഓർഡിനൻസ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പരിഗണനയിലാണുള്ളത്. ശേഷം ഗവർണർക്ക് അയക്കും. നിയമമായാൽ വലിയ മാറ്റമാണുണ്ടാകുക.