+

കാസർകോട് ജില്ലയില്‍ ഒരു സ്ഥിരം എക്‌സ്പോ ഗ്രൗണ്ട് രൂപീകരിക്കും; ജില്ലാകളക്ടര്‍

ജില്ലയില്‍ ഒരു സ്ഥിരം എക്‌സ്പോ ഗ്രൗണ്ട് രൂപീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട് വനിതാ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട്  :ജില്ലയില്‍ ഒരു സ്ഥിരം എക്‌സ്പോ ഗ്രൗണ്ട് രൂപീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട് വനിതാ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അനന്തപുരം വ്യവസായ ഏരിയയില്‍ ഹൈ മാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ സമയ ക്രമവും അവരുടെ ഏകദേശ കണക്കും പരിശോധിച്ച് അനന്തപുരം വ്യവസായ ഏരിയയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആവശ്യകതകളും നേരിടുന്ന പ്രശ്നങ്ങളും വിശദമാക്കി അപേക്ഷ സമര്‍പ്പിക്കുവാന്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിച്ചു.

ജില്ലയിലെ എല്ലാ വനിതാ സംരംഭകരേയും ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്റര്‍ രൂപീകരിക്കണമെന്നും വനിതാ സംരംഭകര്‍ക്ക് പ്രത്യേകമായി വ്യവസായ എസ്റ്റേറ്റുകള്‍ രൂപീകരിക്കണമെന്നും ഷിഫാനി മുജീബ് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ എക്‌സ്‌പോകള്‍ സംഘടിപ്പിക്കുന്നതിനായി സ്ഥല ലഭ്യത വളരെ കുറവാണെന്നും സ്ഥിരം എക്‌സ്‌പോ ഗ്രൗണ്ട് രൂപീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രിന്റ്‌റിങ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വനിതാ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമുള്ള പ്രിന്റിങ് ഓര്‍ഡറുകള്‍ നല്‍കിയാല്‍ അത് മറ്റ് ജില്ലകളില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നതിനേക്കാളും കുറഞ്ഞ ചെലവില്‍ ജില്ലയില്‍ തന്നെ നിര്‍മ്മിക്കുവാനും വിതരണം ചെയ്യുവാനും സാധിക്കുമെന്നും അത് വഴി കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുമെന്നും സ്വാതി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ് പ്രൊപ്രൈറ്ററായ പത്മാവതി നിര്‍ദ്ദേശിച്ചു.

അംഗന്‍വാടികളിലേക്കും വിദ്യാലയങ്ങളിലേക്കും ഗുണമേന്മയേറിയ തേന്‍ വിതരണം ചെയ്യുവാന്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളെ ചുമതലപ്പെടുത്തിയാല്‍ അത് നിരവധി കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുമെന്നും പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ തങ്ങളെ കൂടി ഭാഗമാക്കണമെന്നും അന്നമ്മ ജോസ് അറിയിച്ചു.

രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ വ്യവസായ ഏരിയയിലേക്ക് കടന്നു വരുന്നത് തടയുന്നതിനായും വനിതാ സംരംഭകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായും അനന്തപുരം വ്യവസായ ഏരിയയില്‍ കിന്‍ഫ്രയിലേതു പോലുള്ള സെക്യൂരിറ്റി സംവിധാനം. ഏര്‍പ്പെടുത്തണമെന്നും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും തൊഴിലാളികള്‍ക്ക് കാന്റീന്‍ സൗകര്യം ഒരുക്കണമെന്നും ഫമീദ യോഗത്തില്‍ ആവശ്യപ്പെട്ടു.

കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തുളുനാട് ഇക്കോ ഗ്രീന്‍ എഫ്.പി.സി പ്രതിനിധി അന്നമ്മ ജോസ്, സ്വാതി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ് പ്രൊപ്രൈറ്റര്‍ പത്മാവതി,  ഹുദാ ഹോം മേഡ് പ്രോഡക്ട്സ് ഉടമ മറിയാമ്മ, ബി.ആര്‍ ഹോം മേഡ് പ്രോഡക്ട്സ് പ്രൊപ്രൈറ്റര്‍ ബേബി രാഘവന്‍, കേക്ക് ആര്‍ട്ടിസ്റ്റ് ഹംദ സലീം, പ്രിന്റിങ് സംരംഭക് ഷിഫാനി മുജീബ്, എം.വി.ഐ ഫ്‌ളവേഴ്‌സ് ഉടമ എം. അരുണാക്ഷി, ഉമ ഗാര്‍മെന്റ്‌സ് ഉടമ പി.കെ ഉമാവതി, ഗ്രാനൈറ്റ് ഉദ്യോഗ് ഉടമ സി. ബിന്ദു, താമാ ഹണീ ആന്റ് ബീ ഫാം ഉടമ ആലിയാമ ഫിലിപ്പ്, എം.എ കെയര്‍ കോര്‍ണര്‍ ഉടമ പി.എ സീനത്ത്, റീയൂസബിള്‍ സാനിറ്ററി പാഡ് സംരംഭക രാജി ഷിനോയ്്, പ്ലൈവുഡ് ഇന്റസ്ട്രി സംരംഭക ഫാമിദ തുടങ്ങിയവര്‍ പങ്കെടുത്തു.
 

facebook twitter