കാസർകോട് : രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസർകോട് ജില്ലയിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയായ പിലിക്കോട് കാലിക്കടവ് മൈതാനവും ഏപ്രിൽ 21ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിന്റെ വേദിയായ ബേക്കൽ ക്ലബ്ബും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു. ജില്ലാ കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പവലിയൻ ഡിസൈൻ ഏറ്റവും വേഗത്തിൽ നൽകാൻ കിഫ്ബിക്കും ഏജൻസികൾക്കും നിർദ്ദേശം നൽകി. കാലിക്കടവിൽ പുതിയ എൻട്രസും എക്‌സിറ്റും സ്ഥാപിക്കാൻ തീരുമാനിച്ചു. നിലവിൽ തടസ്സമായി നിൽക്കുന്ന പൈപ്പ് മാറ്റുന്നതിനും മികച്ച രീതിയിൽ പവലിയൻ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ജില്ലാ കളക്ടർ നൽകി.
കാലിക്കടവിൽ എ.ഡി.എം പി. അഖിൽ, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടികളക്ടർ ലിപു എസ് ലോറൻസ്, കെ.ഡി.പി സ്‌പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ, ഡി.ഐ.സി ജനറൽ മാനേജർ കെ. സജിത്ത് കുമാർ, കിഫ്ബി, യു.എൽ.സി.സി പ്രതിനിധികൾ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, വാർഡ് മെമ്പർ പ്രദീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
ബേക്കൽ ക്ലബ്ബിൽ എ.ഡി.എം പി. അഖിൽ, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, കെ.ഡി.പി സ്‌പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ, ഡി.ഐ.സി ജനറൽ മാനേജർ കെ. സജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
2025 ഏപ്രിൽ 21 മുതൽ 27 വരെ പിലിക്കോട് കാലിക്കടവ് മൈതാനത്താണ് പ്രദർശന വിപണന മേള നടക്കുക. 21ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഏപ്രിൽ 21ന് രാവിലെ 11ന് പടന്നക്കാട് ബേക്കൽ ക്ലബിൽ മുഖ്യമന്ത്രി ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കും. സർക്കാരിന്റെ ഒൻപതു വർഷത്തെ നേട്ടങ്ങൾ നേരിൽ കാണാനും സൗജന്യ സേവനങ്ങൾ നേടുന്നതിനും തീം പവലിയനുകൾ, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, എല്ലാദിവസവും കലാപരിപാടികൾ എന്നിവ മേളയിൽ ഉണ്ടാകും.