കാസർകോട് : ദ്രവമാലിന്യം പൊതു സ്ഥലത്ത് ഒഴുക്കി വിട്ടതിനും പരിസരത്ത് ദുര്‍ഗന്ധമുണ്ടാക്കുന്ന രീതിയില്‍ തടഞ്ഞു നിര്‍ത്തിയതിനും 15000 രൂപ പിഴ ചുമത്തി. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ അപ്പര്‍ ബസാറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മലിനജലം പ്രത്യേക പൈപ്പ് ലൈന്‍ വഴി റോഡരികിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി നടപടി സ്വീകരിച്ചു.
ബീജന്തടുക്ക അംഗനവാടിക്ക് സമീപത്തുള്ള വീടിന്റെ പിറകില്‍ കടയില്‍ നിന്നുള്ള കോഴി മാലിന്യങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ കുഴിയില്‍ നിറച്ചതിനെ തുടര്‍ന്നുണ്ടായ ദുര്‍ഗന്ധവും മലിനജലം തുറന്ന കുഴിയിലേക്ക് ഒഴുക്കി വിട്ടതും ബോധ്യപ്പെട്ടതിനാലും ഉടമകള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് 15000 രൂപ പിഴ ചുമത്തി. ശാസ്ത്രീയമായ രീതിയില്‍ മലിനജനവും മാലിന്യങ്ങളും സംസ്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു.
മംഗല്പാടി ഗ്രാമപഞ്ചായത്തിലെ കോര്‍ട്ടേഴ്സ് ഉടമകള്‍ക്ക് മാലിന്യങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്തതിന് 5000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. ഉപ്പള ദേശീയപാതക്ക് സമീപത്തായി സ്റ്റോര്‍ എന്ന കടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപ്പള ഗേറ്റിന് സമീപത്തെ കടയുടമയ്ക്ക് കെ പി ആര് ആക്ട് 219 പ്രകാരം പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്ക്വാഡ് അംഗം ഫാസില്‍ ഇ കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജനി കെ എന്നിവര്‍ പങ്കെടുത്തു.