കാസർകോട് : ഏഴുദിവസമായി ചെറുവത്തൂരിൽ നടന്ന സംസ്ഥാന സർക്കാർ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണ സംവിധാനവും സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷ പരിപാടി ചെറുവത്തൂരിൽ സമാപിച്ചു.
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇഎംഎസ് ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.മത സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായാണ് ഓണാഘോഷം സമാപിക്കുന്നതെന്ന് എം .പി പറഞ്ഞു. ഓണം എല്ലാവരുടെയും ആഘോഷമാണ്.
മഹാബലി തമ്പുരാന്റെ സദ്ഭരണത്തിന്റെ ഓർമ്മകൾ വീണ്ടെടുക്കുന്നതാണ് ഓണം . അത് പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിലെ സന്ദർശന വേളയിൽ വിവിധ നഗരങ്ങളിൽ മലയാളികൾ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്തത് അദ്ദേഹം അനുസ്മരിച്ചു.
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി രാഘവൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവർ സംസാരിച്ചു സെക്രട്ടറി ജെ കെ ജിജേഷ് കുമാർ സ്വാഗതവും പ്രതിനിധി അഞ്ജന ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. അലാമിക്കളി, കേരള മഹിളാ സമഖ്യ സൊസൈറ്റി കാസർഗോഡ് സംഘടിപ്പിച്ച ആട്ടവും പാട്ടും, ഇല്ലം സംഗീത ബാന്റിന്റെ സംഗീതനിശ എന്നിവയും അരങ്ങേറി.
സെപ്റ്റംബർ മൂന്നിന് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്ത ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബർ ഒന്നിന് ജില്ലാതല പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു.
ഭരതനാട്യം, ആട്ടഗദ്ദേ, കണ്ണൂർ ഷെരീഫ് & സംഘത്തിൻ്റെ നേതൃത്വത്തിലുളള സംഗീത പരിപാടി, കൈകൊട്ടിക്കളി & ഒപ്പന, ചാക്യാർകൂത്ത്, ഗസൽതേൻ മഴ, പിന്നണി ഗായിക പുഷ്പാവതി നയിച്ച സംഗീതവിരുന്ന്, പൂരക്കളി, യക്ഷഗാനം, ബിഗ് ബാൻഡ് കോഴിക്കോട് അവതരിപ്പിച്ച സംഗീത പരിപാടി, ഉടുക്കുകൊട്ടികളി, ശ്രാവണിക മോഹിനിയാട്ടം,തോൽപ്പാവക്കൂത്ത്, ലാസ്യ കലാക്ഷേത്രം തളിപ്പറമ്പ് അവതരിപ്പിച്ച കർണൻ നൃത്തശില്പം, ആലാമിക്കളി, മഹിളാ സമഖ്യ സൊസൈറ്റി, കാസറഗോഡ് അവതരിപ്പിച്ച അട്ടവും പാട്ടും, സിനിമാറ്റിക് ഡാൻസ്, ഇല്ലം മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്ന് തുടങ്ങി 5 ദിവസങ്ങളിലായി 19 പരിപാടികൾ ഉൾപ്പെടുത്തി, ഇരുന്നൂറിലധികം കലാകാരന്മാർ വൈവിധ്യമാർന്ന കലാപരിപാടികളാണ് മനോഹരമായ ഓണാഘോഷമായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കായത്
വൈവിധ്യൃപൂർണ്ണവും ആകർഷണീയവുമായ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു ഒരാഴ്ച നീണ്ട ഓണാഘോഷ പരിപാടി.