തലസ്ഥാനത്തെ ഞെട്ടിച്ച കഴക്കൂട്ടം ഹോസ്റ്റല്‍ പീഡനക്കേസിലെ പ്രതിയായ ലോറി ഡ്രൈവര്‍ ബെഞ്ചമിനെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. പീഡനം നടന്ന ഹോസ്റ്റല്‍, മോഷണ ശ്രമം നടത്തിയ സമീപ വീടുകള്‍, ട്രക്ക് പാര്‍ക്ക് ചെയ്ത സ്ഥലം എന്നിവിടങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ജനുവരി 17-ന് പുലര്‍ച്ചെയായിരുന്നു ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിന്‍ ഹോസ്റ്റലില്‍ കടന്ന് പീഡനത്തിന് ഇരയാക്കിയത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തെളിവെടുപ്പിനിടെ, ഹോസ്റ്റലിനുള്ളില്‍ അതിക്രമിച്ചു കയറിയതെങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതി പോലീസിനോട് വിശദീകരിച്ചു. തുടര്‍ന്ന്, സമീപത്തെ രണ്ട് വീടുകളിലും ഇയാള്‍ മോഷണ ശ്രമം നടത്തിയിരുന്നു. ഈ വീടുകളിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു.
പോലീസ് കേസ് തെളിയിക്കാന്‍ സി.സി.ടി.വി. ദൃശ്യങ്ങളെയാണ് ആശ്രയിച്ചത്. ഹോസ്റ്റലിന് സമീപത്തുകൂടി അമിതവേഗത്തില്‍ ഒരു ലോറി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞത് പോലീസിന് നിര്‍ണായകമായി. ഈ സൂചന പിന്തുടര്‍ന്ന് പോലീസ് പല ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.