+

ലോക്‌സഭയില്‍ ആഞ്ഞടിച്ച് കെസി വേണുഗോപാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഏജന്റ്, എന്നും ഭരിക്കാമെന്ന് മോദിയും അമിത് ഷായും കരുതണ്ടെന്ന് മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി  

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി  കെസി വേണുഗോപാല്‍ എംപി. ഇ.ഡി., സി.ബി.ഐ., ആദായനികുതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ ഉപയോഗിച്ച്  മോദിക്കും അമിത് ഷായക്കും രാജ്യത്തെ എന്നെന്നേക്കുമായി ഭരിക്കാമെന്ന് കരുതണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടുക്കൊള്ളയ്ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരും. ജയിലില്‍ പോകാന്‍ മടിയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി  വിജയിച്ച വരാണ് ഇന്ത്യന്‍ ജനത. ബ്രട്ടീഷുകാരെ പോലെ ഇന്ത്യന്‍ ജനതയെ അടക്കിഭരിക്കാമെന്ന് ബിജെപി കരുതരുത്. ഇന്ന് അപകടത്തിലായ ജനാധിപത്യം സംരക്ഷിക്കാനും ബിജെപിയുടെ 'വോട്ട് മോഷണം' തടയാനും ശക്തമായ പോരാട്ടം കോണ്‍ഗ്രസ് നടത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. പക്ഷപാതപരമാണ് കമ്മീഷന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. വോട്ടവകാശം നിഷേധിക്കുന്ന രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും അത് തടയാന്‍ കമ്മീഷന്‍ തയ്യാറായില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വഴിയൊരുക്കുകയാണ് കമ്മീഷനെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

kc venugopal mp

ബിജെപിയെ സഹായിക്കുന്ന നിലപാടാണ് പലപ്പോഴും കമ്മീഷന്റേത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ആദായനികുതി വകുപ്പ് പാര്‍ട്ടിയുടെ അക്കൗണ്ട്സ് മരവിപ്പിച്ച നടപടികള്‍ ഉള്‍പ്പെടെ അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വേളകളില്‍ കേന്ദ്ര ഏജന്‍സികളുടെ ഏകപക്ഷീയമായ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാല്‍ പോലും കമ്മീഷന്‍ ഇടപെടാറില്ല. ഇഡി, സിബി ഐ എന്നിവ തെരഞ്ഞെടുപ്പ് വേളകളിള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ബിജെപിക്ക് നേരെ കണ്ണടയ്ക്കുന്നു. 

കമ്മീഷന്‍ നിഷ്പക്ഷമാകണം എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയില്‍ ചീഫ് ജസ്റ്റിസ് കൂടി വേണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി നിയമം കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ഭയം കൊണ്ടാണ്. 

2023ന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിരോധശേഷി നല്‍കുന്ന വിധം നിയമ നിര്‍മ്മാണം നടത്തിയതിന് പിന്നിലെ ഗൂഢോദ്ദേശ്യം എന്തായിരുന്നു?  ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിച്ചതിന്റെ കുറ്റബോധമാണ് അതിന് പിന്നില്‍. ഇത് ഇമ്മ്യൂണിറ്റിയല്ല, ഇംപ്യൂണിറ്റിയാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനല്ല, ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള തന്ത്രമാണ് ആ നിയമ നിര്‍മാണമെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

മത സ്പര്‍ദ്ദ ഉണ്ടാക്കുന്ന വിധം പ്രധാനമന്ത്രി നരേന്ദ്രമോദി 2024ല്‍ രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയപ്പോള്‍ അത് ബിജെപി ദേശീയ അധ്യക്ഷന് കൈമാറുകയാണ് കമ്മീഷന്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍, അതേസമയം പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ പരാതികളുടെ പേരില്‍ നോട്ടീസ് അയക്കുകയും ചെയ്ത വൈരുദ്ധ്യവും ചൂണ്ടിക്കാട്ടി.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പെരുമാറ്റ ചട്ടലംഘനത്തോടും കമ്മീഷന്‍ കണ്ണടച്ചതും കെസി വേണുഗോപാല്‍ എടുത്തുപറഞ്ഞു.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് പിന്തുണ നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിക്ക് വേണ്ടപ്പെട്ടവരുടെ വോട്ടുകള്‍ ഉള്‍പ്പെടുത്തുകയും അല്ലാത്തവരെ ഒഴിവാക്കാനും കമ്മീഷന്‍ കൂട്ടുനില്‍ക്കുകയാണ്. കേരളത്തിലെ ബി എല്‍ ഒമാരുടെ ആത്മഹത്യയെക്കുറിച്ചും അദ്ദേഹം ലോക്സഭയില്‍ ഉന്നയിച്ചു.

എസ് ഐ ആര്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ബിഎല്‍ഒ ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബത്തിന് എന്തു മറുപടി ആണ് കൊടുക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിലും എത്ര ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായതും ചൂണ്ടിക്കാട്ടി.

KC Venugopal MP

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു ആലോചനയും നടത്താതെയും അവരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെയുമാണ് വോട്ടര്‍ പട്ടിക പരിഷ്‌ക്കരണ നടപടിയുമായി കമ്മീഷന്‍ മുന്നോട്ട് പോയത്. ഈ വിഷയത്തില്‍ കമ്മീഷന്റെ നിലപാട് നിഷ്പക്ഷമായിരുന്നില്ല. കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി അയച്ചതും കെസി വേണുഗോപാല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കേരളത്തില്‍ എസ് ഐ ആര്‍ നീട്ടിവെയക്കണം എന്ന സംസ്ഥാന നിയമസഭയുടെ ആവശ്യം കമ്മീഷന്‍ തള്ളിയത് പക്ഷപാത നിലപാടിന് ഉദാഹരമാണ്. ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോഴും റീഡബില്‍ വോട്ടര്‍ പട്ടിക നല്‍കാന്‍ പോലും കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ബിജെപിയുടെ ഏജന്റായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത ബിജെപി വന്ദേമാതരം വിഷയം ഉയര്‍ത്തുന്നതും പോലും രാഷ്ട്രീയ നേട്ടത്തിനാണെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി

Trending :
facebook twitter