+

'കേരളം ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനം; സമരം ആര്‍ക്കെതിരെ വേണമെന്ന് ചിന്തിക്കണം': മുഖ്യമന്ത്രി

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത് വളരെ ചെറിയ വിഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ വര്‍ക്കര്‍മാരെ കേന്ദ്രസര്‍ക്കാര്‍ ഒരു തൊളിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ ഇന്‍സെന്റീവ് തന്നെയാണ് ആശമാര്‍ക്ക് ഇന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ കേരളം ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കി. ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായാണോ ഇതുവരേയും ഇന്‍സെന്റീവ് ഉയര്‍ത്താത്ത കേന്ദ്രത്തിനെതിരായാണോ സമരം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

2005ലാണ് ആശ വര്‍ക്കര്‍മാര്‍ക്കായുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഈ ഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധമായിരുന്നില്ല. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ആശ പദ്ധതി നടപ്പാക്കിയത്. 2007 ജനുവരിയിലാണ് ഉത്തരവ് ഇറങ്ങിയത്. ഈ പദ്ധതി ആരംഭിച്ച സമയത്ത് തീരദേശമേഖലയിലും ആദിവാസി മേഖലയിലും പ്രവര്‍ത്തിക്കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് കേരളം മുഴുവന്‍ ഇത് വ്യാപിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിലവിലെ സമര കോലാഹലങ്ങള്‍ക്ക് വളരെ മുന്‍പ് ആശമാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയെ കണ്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 സെപ്റ്റംബര്‍ 17നായിരുന്നു ഇത്. അതിന് മുന്‍പ് ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെയുള്ള എന്‍എച്ച്എമ്മിന് നല്‍കാനുള്ള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്ത് അയച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ എംപിമാരുടെ യോഗത്തില്‍ എന്‍എച്ച്എമ്മിന് ആശ ഇന്‍സെന്റീവ് ഉള്‍പ്പെടെയുള്ള 2023-24 വര്‍ഷത്തിലെ കുടിശികയായ 636 കോടി രൂപ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത് വളരെ ചെറിയ വിഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 26,125 ആശാവര്‍ക്കര്‍മാരാണ് ആകെയുള്ളത്. തൊണ്ണൂറ്റിയൊന്‍പത് ശതമാനം ആശമാരും സമരത്തിലില്ല. അതായത് ബഹുഭൂരിപക്ഷവും ഫീല്‍ഡില്‍ സേവനത്തിലാണ്. അതിനാല്‍ തന്നെ സമരം ആരോഗ്യ മേഖലയെ ഒരുതരത്തിലും ബാധിക്കുന്നില്ല. ചെറിയ വിഭാഗമാണെങ്കിലും അവരോട് ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആകെ അഞ്ച് തവണ അവരോട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ആരോഗ്യമന്ത്രി സമര സമിതിയുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയിരുന്നു. മൂന്നാമത്തെ പ്രാവശ്യം ഓണ്‍ലൈനായി ധനകാര്യ വകുപ്പ് മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇത് കൂടാതെ എന്‍എച്ച്എം ഡയറക്ടറും രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയിരുന്നു. തൊഴില്‍ മന്ത്രിയും സമരം നടത്തുന്ന ആശ പ്രവര്‍ത്തകരമമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ ഉന്നയിച്ച പല ആവശ്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റുന്നത് പലതും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Trending :
facebook twitter