തിരുവനന്തപുരം: തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം സംസ്ഥാനത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് തുടരുകയാണ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും (ജൂൺ 17 -18 ) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂൺ 17 മുതൽ 18 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കൂടാതെ മറ്റന്നാൾ വരെ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.