തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബികയുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നൂതനാശയങ്ങളുടെ മേധാവിത്തമുണ്ടാകുന്ന വിധത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായുള്ള ധാരണാപത്രത്തിലൂടെ അതിന് തുടക്കമിടുകയാണ്. സാങ്കേതികവിദ്യയും നൂതനാശയങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകളിലൂടെ ടൂറിസം മേഖലയുടെ കുതിപ്പിന്റെ വേഗത വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ടൂറിസം മേഖലയുടെ ചരിത്രത്തിലെ പ്രധാന ചുവടുവെയ്പ്പുകളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുന്നത് അഭിമാനനേട്ടമാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ട് വരാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്. ഗ്ലോബല്‍ ടൂറിസം ബ്രാന്‍ഡായ കേരള ടൂറിസം കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോയതിന്റെ ഫലമാണ് വിനോദസഞ്ചാര മേഖലയിലുണ്ടായ മുന്നേറ്റം.
കേരളത്തിലേക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളിലൂടെ മികച്ച അനുഭവങ്ങള്‍ നല്കി മുന്നോട്ട് പോകാന്‍ സാധിക്കും. ലോകത്തെവിടെയുമുള്ള സഞ്ചാരികളുടെ വിരല്‍ത്തുമ്പില്‍ കേരളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ രാജ്യത്ത് ആദ്യമായി ഒരു ഇന്നവേഷന്‍ സെന്റര്‍ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കും. പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭകര്‍ ഈ മേഖലയിലേക്ക് വരണമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആധുനിക കാരവന് പാര്‍ക്കുകള്‍, സ്റ്റാര്‍ട്ടപ്പ് പോഡ് പദ്ധതി, ക്ലീന്‍ ടോയ്ലറ്റ് സംവിധാനം, ബഹുഭാഷാ ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍, ഫ്രീഡം സ്ക്വയര്‍ എന്നിവയ്ക്കാണ് ധാരണാപത്രം പ്രഥമ പരിഗണന നല്‍കുന്നത്.
ടൂറിസം മേഖലയുടെ പ്രവര്‍ത്തനക്ഷമതയും ഉപഭോക്തൃ ഇടപെടലും വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജകമായി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം ഇന്നൊവേഷന് സെന്റര്‍ പ്രവര്‍ത്തിക്കും. ടൂറിസം മേഖലയ്ക്ക് അനുയോജ്യമായ നൂതന പരിഹാരങ്ങള്‍ പരിപോഷിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള കാരവന് ടൂറിസത്തിന്റെ വികസനവും പ്രോത്സാഹനവും ആധുനിക കാരവന് പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നു. പ്രകൃതിരമണീയസ്ഥലങ്ങളില് വിദൂര തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച് ആളുകള്‍ക്ക് ജോലി ചെയ്യുന്നതിന് ആവശ്യമായ കോ-വര്‍ക്കിങ് സൗകര്യത്തോടൊപ്പം മനോഹരമായ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് പോഡ്.
വിനോദ സഞ്ചാരികള്‍ക്ക് ഉപയോക്തൃ സൗഹൃദപരമായ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ബഹുഭാഷാ ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍. സഞ്ചാരികളുടെ യാത്ര ലളിതമാക്കുന്നതിനും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നതിനും കിയോസ്കുകള്‍ ഉപകരിക്കും.
പരസ്പരം അറിവ് പങ്കിടുന്നതിനും പ്രോജക്ടുകളില്‍ സഹകരിക്കുന്നതിനും സംരംഭകാശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും സമാന ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് ഒത്തുചേരാനുള്ള ഇടമാണ് ഫ്രീഡം സ്ക്വയര്‍. ജില്ലകള്‍ കേന്ദ്രീകരിച്ച് ഫ്രീഡം സ്ക്വയറുകള്‍ സ്ഥാപിക്കുമെന്നും ധാരണാപത്രത്തിലുണ്ട്.
സാങ്കേതിക വിദ്യയിലൂന്നി പരിസ്ഥിതി സൗഹൃദ ശുചിത്വ സംവിധാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സുസ്ഥിര പരിഹാരങ്ങളുടെ പ്രാധാന്യത്തിനും പങ്കാളിത്തം ഊന്നല്‍ നല്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുക, സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, സംസ്ഥാന ടൂറിസം മേഖലയുടെ സാധ്യതകളും ആഗോള അംഗീകാരവും വര്‍ദ്ധിപ്പിക്കുന്നതിന് നൂതന സാങ്കേതിക പരിഹാരങ്ങള്‍ സമന്വയിപ്പിക്കുക, ടൂറിസം മേഖലയിലെ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുക തുടങ്ങിയവ പങ്കാളിത്തത്തിലൂടെ സാധ്യമാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംരംഭകര്‍, ടൂറിസം മേഖല എന്നിവ തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതിലൂടെ നാടിന്റെ സംസ്കാരം, പ്രകൃതി, പൈതൃകം എന്നിവ സംരക്ഷിക്കുന്നതിന് നൂതനാശയങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള ആഗോള മാതൃകയായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനും ധാരണാപത്രം ലക്ഷ്യമിടുന്നു.
ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യവികസനം, സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ സാങ്കേതികാധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ധാരണാപത്രം മുന്‍ഗണന നല്‍കുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന് പറഞ്ഞു. മലയാളഭാഷയിലെ ലോകോത്തര ക്ലാസിക്കുകള്‍ പിറവിയെടുത്ത ഇടങ്ങളേയും എഴുത്തുകാരേയും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുന്ന ലിറ്ററേച്ചര്‍ സര്‍ക്യൂട്ട് എന്ന ആശയം വികസിപ്പിക്കുക, സ്കൂള്‍ കലോത്സവം ഉള്‍പ്പെടെയുള്ള കലയുടെ അരങ്ങുകളില്‍ വിനോദസഞ്ചാരികളെ എത്തിക്കുക തുടങ്ങിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ശിഖ സുരേന്ദ്രന് പറഞ്ഞു.
ടൂറിസം മേഖലയില്‍ ലാഭകരമായ ഉത്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന ആശയങ്ങളെക്കുറിച്ചും മൂല്യവര്‍ദ്ധനവ് നല്കുന്ന കേരളത്തിന്റെ തനത് ഉത്പന്നങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വര്ക്കേഷന് അല്ലെങ്കില്‍ സ്റ്റാര്‍ട്ടപ്പ് പോഡുകള്‍, ആധുനിക കാരവന് പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന ആപ്പ്, മെച്ചപ്പെട്ട പൊതു ശൗചാലയങ്ങള്‍ തുടങ്ങിയവ പ്രാവര്‍ത്തികമാക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കലാസംസ്കാരിക നേട്ടങ്ങളേയും പൈതൃകങ്ങളേയും സഞ്ചാരികള്‍ക്ക് മുന്നില്‍ ദൃശ്യരൂപത്തില്‍ വിശദീകരിക്കുന്ന ഇന്റര്‍പ്രട്ടേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വുണ്ടാകുമെന്ന് കെടിഐഎല്‍ എംഡി മനോജ് കിനി പറഞ്ഞു.
ചടങ്ങില്‍ കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം ആര്, വിനോദസഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി, കെടിഐഎല്‍ ചെയര്മാന് എസ് കെ. സജീഷ് എന്നിവരും പങ്കെടുത്തു.