തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

11:11 AM Apr 16, 2025 | AVANI MV

പാലക്കാട്: മണ്ണാര്‍ക്കാട്ട് സിദ്ധനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മര്‍ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റു ചെയ്തു. സേലം സ്വദേശികളായ ലോക്‌നാഥ് (45), ശിവപ്രകാശന്‍ (40) എന്നിവരാണ് അറസ്റ്റിലായത്. വിയ്യക്കുറുശ്ശി കൊറ്റിയോട് കുറ്റിക്കാട്ടില്‍ ഹബീബ് (69)നെ തട്ടിക്കൊണ്ട് പോയി തടവിലാക്കിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒമ്പതാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്ടേക്ക് ജോലി അന്വേഷിച്ച് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഹബീബ് ഇറങ്ങിയത്. പാലക്കാട് കേന്ദ്രീകരിച്ച് ഇദ്ദേഹം ചില മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്തിവന്നതായി പോലീസ് പറയുന്നുണ്ട്. നിധി കണ്ടെത്തി നല്‍കാമെന്നുള്ള വാഗ്ദാനപ്രകാരമാണ് പ്രതികള്‍ക്കൊപ്പം ഇയാള്‍ സേലത്തെത്തിയത്. എന്നാല്‍ ഇതു നടക്കാതായതോടെ പ്രതികള്‍ ഇയാളെ തടവില്‍ വെച്ച് മര്‍ദിച്ചതായാണ് പരാതി.

മോചനദ്രവ്യമായി വീട്ടുകാരോട് 25ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹബീബിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എം.ബി രാജേഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എ.കെ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വെല്ലൂരില്‍ വെച്ച് പ്രതികളെ പോലീസ് പിടികൂടിയത്.