കോഴിക്കോട്: പാലക്കാട്ടെ നിര്‍ദ്ദിഷ്ട ബ്രൂവറിക്കെതിരെ പ്രതിപക്ഷം കടുത്ത എതിര്‍പ്പാണ് ഉന്നയിക്കുന്നത്. അഴിമതി ആരോപണമാണ് ആദ്യം ഉയര്‍ന്നതെങ്കില്‍ പിന്നീടത് പല കാര്യങ്ങളിലേക്കും മാറി. ഏറ്റവും ഒടുവില്‍ പാലക്കാട്ടെ മഴക്കണക്കാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിഷയം. എന്നാല്‍, ഇതേ കോണ്‍ഗ്രസുകാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലെ ബെംഗളുരുവില്‍ മാത്രം 16 ബ്രൂവറികളാണ് ഉള്ളത്. വര്‍ഷം പെയ്യുന്ന മഴയാകട്ടെ കേരളത്തിലേതിനേക്കാള്‍ കുറവും.
2,000ത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നികുതിലാഭമാണുണ്ടാക്കുകയെന്ന് സര്‍ക്കാരും ഭൂഗര്‍ഭ ജലം ഉപയോഗിക്കാതെ മഴസംഭരണി നിര്‍മിച്ചാണ് വെള്ളമെടുക്കുകയെന്ന് കമ്പനിയും പറയുന്നു. പദ്ധതി സര്‍ക്കാരിന്റെ അഭിമാനപ്രശ്നമായതോടെ ഇതേക്കുറിച്ചുള്ള വാദപ്രതിവാദവും മുറുകുകയാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് ബെംഗളുരുവിലേയും പാലക്കാട്ടേയും മഴക്കണക്കുകള്‍ നിരത്തി പ്രതിപക്ഷത്തിന്റെ വാദം ഇല്ലാതാക്കി.
കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പാലക്കാട് ജില്ലയിലെ വാര്‍ഷിക മഴ ചെറിയ ഏറ്റക്കുറിച്ചിലുകളോടെ 235 സെന്റിമീറ്ററാണ്. അവിടെ വെള്ളം പ്രധാന അസംസ്കൃത വസ്തുക്കളില്‍ ഒന്നായ സ്പിരിറ്റ്/മദ്യം നിര്‍മ്മിച്ചാല്‍ ജലക്ഷാമം നേരിടേണ്ടിവരും എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.
കുടിവെള്ളത്തിനും കൃഷിക്കും ജലക്ഷാമം നേരിടുമെങ്കില് ഒരു കാരണവശാലും മദ്യ/സ്പിരിറ്റ് നിര്‍മ്മാണ ശാലയ്ക്ക് അനുമതി കൊടുക്കരുതെന്നാണ് എന്റെയും അഭിപ്രായം. അങ്ങിനെ മദ്യപന്മാരുടെ ഇക്കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ, സാധാരണ മനുഷ്യരുടെയും കൃഷിക്കാരുടെയും കാര്യങ്ങളും നോക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടല്ലോ.
അതുകൊണ്ടു കുടിവെള്ളത്തിനുമേല്‍ മദ്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു പദ്ധതിയ്യ്ക്കും സര്‍ക്കാര്‍ അനുവാദം കൊടുക്കരുത്; കോണ്‍ഗ്രസുകാര്‍ക്ക് എന്റെ പിന്തുണ.
***
അപ്പോള്‍പ്പിന്നെ കേരളത്തിലേക്കു മദ്യം എവിടെനിന്നു വരും? ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് പ്രധാനമായും മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും നിന്നാണ്.
അതിലെ നമ്മുടെ തൊട്ടയല്‍സംസ്ഥാനമായ കര്‍ണ്ണാടകത്തിലെ അവസ്ഥ ഞാന്‍ നോക്കി.
കര്‍ണ്ണാടക ബ്രൂവേഴ്സ് ആന്‍ഡ് ഡിസ്റ്റിലേഴ്സ്, ബാംഗ്ലൂര്‍ എന്ന സംഘടനയുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന കണക്കുപ്രകാരം 44 മദ്യനിര്‍മ്മാണശാലകളുണ്ട് അവിടെ. തലസ്ഥാനമായ ബാംഗളൂരില്‍ മാത്രം 16. (സൈറ്റിന്റെ ലിങ്ക് കമന്റില്‍ കൊടുത്തിട്ടുണ്ട്).
ഈ മദ്യനിര്‍മ്മാണ ശാലകളിരിക്കുന്ന ജില്ലകളിലെ മഴക്കണക്കു കാലാവസ്ഥാ വകുപ്പിന്റെ സൈറ്റില്‍ നോക്കി (2022). (ലിങ്ക് കമന്റില്‍ കൊടുത്തിട്ടുണ്ട്) അത് പ്രകാരം ഉഡുപ്പി, ചിക്കമംഗളൂര്‍, ശിവമൊഗ്ഗ, കൊടഗ് എന്നീ ജില്ലകളില്‍ 200 സെന്റിമീറ്ററില്‍ കൂടുതല്‍ മഴയുണ്ട്. ബാക്കി എല്ലാ ജില്ലകളിലെയും സ്ഥിതി ശോകമാണ്. (എല്ലാം സെന്റിമീറ്ററിലാണ്; ഞാന്‍ പണിതുടങ്ങിയ പത്രത്തിന്റെ രീതിയിലാണെങ്കില്‍ കര്‍ണ്ണാടകത്തിലെ കണക്കു മില്ലി മീറ്ററിലും കേരളത്തിലേത് സെന്റിമീറ്ററിലും കൊടുക്കാമായിരുന്നു).
തലസ്ഥാനമായ, 16 മദ്യനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന ബാന്ഗ്ലൂര് അര്‍ബന്‍, റൂറല്‍ ജില്ലകളിലെ മഴയുടെ അളവ് ശരാശരി 168 സെ മീറ്ററും 137 സെന്റി മീറ്ററുമാണ്. ബാക്കി മിക്കവാറും സ്ഥലങ്ങളില്‍ ഇരുന്നൂറില്‍ താഴെ.
പാലക്കാട്ടെ മഴയെത്ര? 235 സെന്റിമീറ്റര്‍.
അപ്പോള്‍ പാലക്കാട്ടു മദ്യം നിര്‍മ്മിച്ചാല്‍ ജലക്ഷാമമുണ്ടാകുമെങ്കില് അതിലും കുറവ് മഴ കിട്ടുന്ന സ്ഥലങ്ങളില്‍ നമ്മുടെ സഹോദരങ്ങളായ കര്ണാടകവാസികളുടെ കുടിവെള്ളം മുട്ടിച്ചും കൃഷി വരള്ച്ചയിലാഴ്ത്തിയും
മദ്യം നിര്‍മ്മിച്ച് ഇവിടെ കൊണ്ടുവന്നു വില്‍ക്കുന്ന പരിപാടിയും കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണം.
ബാംഗ്ലൂരിലെ കാര്യം പ്രത്യേകം പറയുന്നു: മിക്കവാറും മലയാളിക്കു അവിടെ ബന്ധുക്കളുണ്ട്; കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും ബി ജെ പിക്കാര്ക്കുമുണ്ട്; കേരള കോണ്‍ഗ്രസുകാര്‍ക്ക് ധാരാളമുണ്ട്. എന്റെയാണെങ്കില്‍ മൂന്നുതലമുറയില്‍പ്പെട്ട മനുഷ്യര്‍ അവിടെ ജീവിക്കുന്നുണ്ട്.
അതുകൊണ്ട്, കര്‍ണ്ണാടകയില്‍ ജലക്ഷാമം സൃഷ്ടിച്ചുണ്ടാക്കുന്ന മദ്യം ഇവിടെ കൊണ്ടുവന്നു കുടിക്കുന്ന സ്വാര്‍ത്ഥത നമ്മള് കാണിക്കരുത്.
ഒരു അഖിലേന്ത്യാ പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസുകാര്‍ പരസ്യമായി ഈ ആവശ്യം ഉന്നയിക്കില്ല. 'ഗോഡ്ഫാദര്' സിനിമയില്‍ തിലകന് കഥാപാത്രം പറയുന്നതുപോലെ, ആ മനസ്സ് എനിക്കറിയാം.
അതുകൊണ്ട്,
കേരള സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം; കര്‍ണ്ണാടകത്തിലെ മനുഷ്യരോട് ദയ കാണിക്കണം. അവരുടെ കുടിവെള്ളം മുട്ടിച്ചുണ്ടാക്കുന്ന മദ്യം ഇങ്ങോട്ടു ഇറക്കുമതി ചെയ്യുന്ന പരിപാടി നിര്‍ത്തണം.