+

മാടായിപ്പാറയിലെ പ്രതിഷേധം, ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതസൗഹാര്‍ദ്ദം തകര്‍ക്കല്‍, സുന്നി മുസ്ലീങ്ങളേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല, രൂക്ഷ വിമര്‍ശനവുമായി ഷാഹിന

മാടായിപ്പാറയില്‍ ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടന നടത്തിയ പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന.

കൊച്ചി: മാടായിപ്പാറയില്‍ ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടന നടത്തിയ പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന. പലസ്തീന്‍ അല്ല പ്രതിഷേധക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നും നാട്ടില്‍ കുഴപ്പം ഉണ്ടാക്കണം എന്ന തികഞ്ഞ ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്നും അവര്‍ പ്രതികരിച്ചു.

കെകെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്,
 
ഒരു ക്ഷേത്രത്തിന്റെ അധീനതയില്‍ ഉള്ള സ്ഥലത്ത് തന്നെ പലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തുന്നതൊക്കെ, നാട്ടില്‍ കുഴപ്പം  ഉണ്ടാക്കണം എന്ന തികഞ്ഞ ദുഷ്ടലാക്കോട് കൂടിയാണ്. പലസ്തീന്‍ ഒന്നുമല്ല ഇവരുടെ പ്രശ്‌നം. കേരളമാണ്. കേരളം മാത്രമാണ്.  ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദ്ദത്തോടെ സമാധാനമായി ജീവിക്കുന്നത് സഹിക്കാന്‍ വയ്യ. ഇവരുടെ പ്യൂരിറ്റന്‍ ഇസ്ലാം ധാരയില്‍ പെടാത്ത മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിങ്ങളുടെ മതേതര ജീവിതം എങ്ങനെയെങ്കിലും തകര്‍ക്കണം. അതാണ് ലക്ഷ്യം.  അതിന് കിട്ടുന്ന ഒരവസരവും പാഴാക്കുകയില്ല. അത്ര തന്നെ.

ഇവരുടെ ഈ പദ്ധതികള്‍ക്ക് കേരളത്തില്‍ ഏറ്റവും വിഘാതമായി നില്‍ക്കുന്നത് ഇടത് പക്ഷമാണ്. അര്‍ത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം സിപിഎം പലസ്തീന്‍ അനുകൂല നിലപാട് എടുത്തത് ഈ സംഘത്തെ ചെറുതായൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്.  സിപിഎമ്മിന്റെ പലസ്തീന്‍ അനുകൂല നിലപാടില്‍ ആത്മാര്‍ഥത ഇല്ല എന്ന് വരുത്തി തീര്‍ക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ ഈ നാടകം. കണ്ടില്ലേ, പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ ഞങ്ങള്‍ക്കെതിരെ കേസെടുത്തു എന്ന് നിലവിളിക്കാന്‍ മനഃപൂര്‍വം ഉണ്ടാക്കുന്ന പ്രകോപനങ്ങള്‍ ആണ് ഇതെല്ലാം. 

മുന്‍കൂട്ടി അനുവാദം വാങ്ങാതെ പ്രകടനം നടത്തിയാല്‍ പോലീസ് കേസെടുക്കും. അത് സെക്രട്ടേറിയറ്റിന്റെ മുന്നിലായാലും മാടായിപ്പാറയില്‍ ആയാലും. യഥാര്‍ത്ഥ പോരാളികള്‍ ചെയ്യേണ്ടത് ആ കേസൊക്കെ പുല്ല് പോലെ നേരിടുകയാണ്. അല്ലാതെ, മനഃപൂര്‍വം റോഡില്‍ പായ വിരിച്ച് കിടന്നിട്ട് ' കേസെടുത്തേ എന്ന് നിലവിളിക്കുകയല്ല.

facebook twitter