കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. കേസിലെ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും.
പ്രതിഭാഗത്തിന്റെ വാദം കൂടി പൂര്‍ത്തിയായാല്‍ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല. കേസിലെ സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഒരുമാസത്തോളം നീണ്ട പ്രോസിക്യൂഷന് വാദം കോടതി കേട്ടത്.
കേസില്‍ നടന് ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. നടന് ദിലീപ് കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ്. ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.