
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്‌ന മാസം ലക്ഷങ്ങള്‍ കൈക്കൂലി ഇനത്തില്‍ നേടാറുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. സ്വപ്നയെ ചോദ്യം ചെയ്തതില്‍ നിന്നും വിലപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്.
ഓഫീസിലെ മിക്ക ഉദ്യോഗസ്ഥരും കൈക്കൂലിക്കാരാണെന്നും കുറഞ്ഞനിരക്ക് തനിക്കാണെന്ന് അവര്‍ മൊഴി നല്‍കി. ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍മാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കൈക്കൂലിക്കാരാണ്. ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വെക്കാറുണ്ടെന്നും കൈക്കൂലിക്ക് കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഓരോന്നിനും പ്രത്യേക റേറ്റ് നിലവില്‍ ഉണ്ടെന്നും സ്വപ്ന നല്‍കിയ മൊഴിയില്‍ പറയുന്നു.
തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്‌ന ഉന്നത പിടിപാടിലൂടെയാണ് കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥലംമാറ്റം സ്വന്തമാക്കിയത്. ഇവര്‍ കൈക്കൂലി പണം ഉപയോഗിച്ച് തൃശൂരിലും കൊച്ചിയിലും വീടും സ്ഥലവും വാങ്ങിയെന്നും കാര്‍ വാങ്ങിയെന്നും സ്വപ്ന സമ്മതിച്ചിട്ടുണ്ട്.
ബില്‍ഡിങ് പെര്‍മിറ്റിനായി റോഡരികില്‍ കാറില്‍ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബുധനാഴ്ചയാണ് വിജിലന്‍സ് സംഘം സ്വപ്നയെ കയ്യോടെ പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്ന് കണക്കില്‍പ്പെടാത്ത 45,000 രൂപയും കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി സ്വപ്നയെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കൊച്ചി പോലൊരു നഗരത്തില്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് ലക്ഷങ്ങള്‍ സമ്പാദിക്കുക എളുപ്പമാണ്. മേലധികാരികളുടെ പ്രിയം പിടിച്ചുപറ്റിയാണ് ഇവര്‍ സുപ്രധാന ചുമതല നേടിയെടുത്തത്. 2019ല്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ജോലിക്ക് കയറിയ സ്വപ്‌ന അതിവേഗം കൊച്ചിയിലെത്തിയത് സഹപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചിരുന്നു.
2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍ ഓഫീസിലെത്തി. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ റാങ്ക് ആയതിനാല്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പദവിയും കിട്ടി. നഗരഹൃദയമായതിനാല്‍ കെട്ടിട പെര്‍മിറ്റ് സംബന്ധിച്ച ഒട്ടേറെ അപേക്ഷകളാണ് ലഭിക്കുക. അപേക്ഷകന്‍ പണം നല്‍കും വരെ പല കാരണങ്ങള്‍ പറഞ്ഞു മടക്കും. ചെറിയ കെട്ടിടത്തിന് പോലും 5,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.
നേരത്തെതന്നെ വിജലന്‍സിന് ഇവരെക്കുറിച്ച് പരാതി ലഭിച്ചതിനാല്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഏജന്റുമാര്‍ വഴിയാണ് പണം വാങ്ങിയിരുന്നത് എന്നതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. മാത്രമല്ല, പണമായി അല്ലാതെയും ഇവര്‍ കൈക്കൂലി കൈപ്പറ്റിയിരുന്നു.
വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാന്‍ അപ്രൂവ് ചെയ്യാന്‍ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവില്‍ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഏജന്റിനെ ഒഴിവാക്കി നേരിട്ട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയും ചെയ്തു.