ഉയർന്ന ചരക്ക് നീക്കവുമായി കൊച്ചി പോർട്ട് അതോറിറ്റി

06:20 PM Apr 04, 2025 | Neha Nair

കൊച്ചി: ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കവുമായി കൊച്ചി പോർട്ട് അതോറിറ്റി. കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 37.75 മില്യൻ മെട്രിക് ടൺ ചരക്കാണ്. വർധന 3.94%. കഴിഞ്ഞ 5 വർഷമായി തുടർച്ചയായി വളർച്ച കൈവരിക്കുകയാണ് കൊച്ചി തുറമുഖം. സംയോജിത ചരക്ക് കൈകാര്യ വാർഷിക വളർച്ച 5.04%. ബൾക്ക്, കണ്ടെയ്നർ വിഭാഗങ്ങളിലെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം തുറമുഖത്ത് 1265 വാണിജ്യ കപ്പലുകളാണ് എത്തിയത്. ക്രൂഡ് ഓയിലും രാസവസ്തുക്കളുമൊക്കെ ഉൾപ്പെടുന്ന ബൾക്ക് ചരക്കാണ് ആകെയുള്ള ചരക്കിന്റെ 66 ശതമാനവും.

അതേസമയം ഒന്നാം സ്ഥാനത്ത് ക്രൂഡ് ഓയിൽ തന്നെയാണ്. പെട്രോളിയം ഉൽപന്നങ്ങളാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. സൾഫ്യൂറിക് ആസിഡ്, അമോണിയ, ദ്രവീകൃത പ്രകൃതിവാതകം, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ ദ്രവരൂപത്തിലുള്ള ഉൽപന്നങ്ങളാണ് മൂന്നാമത്. തുറമുഖത്തിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലും (ഐജിടിപിഎൽ) നേട്ടമുണ്ടാക്കി.