കൊടുങ്ങല്ലൂർ: 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീമിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. കഞ്ചാവ് കടത്താനുള്ള കാർ സംഘടിപ്പിച്ചത് ഹക്കീമാണെന്നും ഇയാൾ തിരുവന്തപുരത്ത് ഗുണ്ടാസംഘാംഗമാണെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് താമസക്കാരനായ എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി ജയേഷ്, തൊടുപുഴ സ്വദേശി ആൻസൽ, വള്ളക്കടവ് സ്വദേശി നാസർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ വി.കെ. അരുൺ, ഗ്രേഡ് എസ്.ഐ സെബി, സി.പി.ഒമാരായ അഖിൽ, വിനിൽ, ജോസഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.