+

കൊല്ലത്തും മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ പീഡനം; തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു

തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരപീഡനം. എട്ടുവയസുള്ള കുട്ടിയെ രണ്ടാനച്ഛൻ അയണ്‍ബോക്സ് ചൂടാക്കി കാലില്‍ പൊള്ളിച്ചു.കുട്ടി വികൃതി കാട്ടിയതിനാണ് പൊള്ളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി

കൊല്ലം: തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരപീഡനം. എട്ടുവയസുള്ള കുട്ടിയെ രണ്ടാനച്ഛൻ അയണ്‍ബോക്സ് ചൂടാക്കി കാലില്‍ പൊള്ളിച്ചു.കുട്ടി വികൃതി കാട്ടിയതിനാണ് പൊള്ളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുൻപാണ് എട്ടു വയസുള്ള കുട്ടി രണ്ടാനച്ഛൻ്റെ അതിക്രമത്തിന് ഇരയായത്. വികൃതി കാണിച്ചതിന് അയണ്‍ബോക്സ് ചൂടാക്കി പൊള്ളിച്ചു. കാലിനാണ് പൊള്ളലേറ്റത്. എന്നാല്‍ ഇക്കാര്യം പുറത്ത് അറിയിച്ചില്ല. അങ്കണവാടിക്കാരാണ് വിവരം മനസിലാക്കിയത്. തുടർന്ന് ചൈല്‍ഡ് ലൈനെയും സിഡബ്ല്യുസിയെയും അറിയിച്ചു. വിവരം തെക്കുംഭാഗം പൊലീസിന് കൈമാറി. പൊലീസ് വീട്ടില്‍ എത്തി പരിശോധന നടത്തി.

രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ടാനച്ഛൻ നേരത്തെയും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കത്തി ചൂടാക്കിയും പൊള്ളിച്ചിട്ടുണ്ടെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മ വിദേശത്താണ്. രണ്ട് ഇളയ സഹോദരങ്ങളും മുത്തശ്ശിയും വീട്ടിലുണ്ട്. സിഡബ്ല്യുസി അധികൃതർ കുട്ടിക്ക് വൈദ്യ സഹായം ലഭ്യമാക്കി. സുരക്ഷ കണക്കിലെടുത്ത് കുട്ടിയെ ഏറ്റെടുക്കുന്നതിനെ കുറിച്ചും സിഡബ്ല്യുസി ആലോചിക്കുന്നുണ്ട്.

facebook twitter