കൊല്ലം: കൊല്ലം ജില്ലയുടെ വിവിധ ഇടങ്ങളിൽ എം.ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തു കടത്തലില് പിടിയിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 2024 ജനുവരി മുതൽ ഡിസംബർ 31വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 676 എൻ.ഡി.പി.എസ് കേസുകളിൽ 676 പേർ അറസ്റ്റിലായി.
173.264 കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ വിവിധ ഇടങ്ങളിൽനിന്ന് 43 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. വിവിധ കേസുകളിലായി ജില്ലയിൽനിന്ന് 1.41 ഗ്രാം ഹെറോയിൽ, 0.702 ഗ്രാം ഹഷീഷ് ഓയിൽ, 163.679 ഗ്രാം എം.ഡി.എം.എ, 34.788 ഗ്രാം നൈട്രോസെഫാം ഗുളിക, 0.413 ഗ്രാം ആംഫിറ്റാമിൻ ഗുളിക എന്നിവയും എക്സൈസ് പിടിച്ചെടുത്തിരുന്നു.
ജില്ലയിൽ റിപ്പോർട്ട് ചെയ്ത 1416 അബ്കാരി കേസുകളിലായി 1228 പേരെയാണ് കഴിഞ്ഞവർഷം അറസ്റ്റ് ചെയ്തത്. 7572 കോട്പ കേസുകളിലായി 15,14,400 രൂപയും പിഴയും ഈടാക്കി. നടപടികൾ ശക്തമാക്കുമ്പോഴും ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് സർക്കാർ സംവിധാനങ്ങൾക്കും നിയന്ത്രണാതീതമാകുകയാണ്. ലഹരിവ്യാപനം തടയുന്നതിന് കഴിഞ്ഞവർഷം എക്സൈസ് സ്വതന്ത്രമായും സംയുക്തമായും 10974 റെയ്ഡുകളിലായി 55,523 വാഹനങ്ങളിൽ പരിശോധിച്ചു.