കൊല്ലം : കരുനാഗപ്പളളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവളളൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കരുനാഗപ്പളളി പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് അതുലിനെ പിടികൂടിയത്. കൊലപാതകം നടന്ന് 21 ദിവസത്തിനുശേഷമാണ് അതുല്‍ പിടിയിലായത്. ജിം സന്തോഷ് എന്ന് വിളിപ്പേരുളള ഗുണ്ടാനേതാവ് സന്തോഷ് മാര്‍ച്ച് 27-നാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് സന്തോഷ് കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പ്രതിക്കായുളള അന്വേഷണം തുടരുന്നതിനിടെ ഒരാഴ്ച്ച മുന്‍പ് അതുല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.
ആലുവയില്‍ വാഹനപരിശോധനയ്ക്കിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. കുഞ്ഞിനെയും ഭാര്യയെയും വഴിയില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. കേസില്‍ നേരത്തെ രാജീവ് എന്ന രാജപ്പനുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയില്‍ നേരിട്ട് പങ്കുളളയാളാണ് രാജീവ്. കേസില്‍ ഇനിയും നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. പ്രതികളെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അലുവ അതുലും പ്യാരി എന്നയാളും എംഡിഎംഎ കേസിലും പ്രതികളാണ്. കരുനാഗപ്പളളി, ഓച്ചിറ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുളള രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.