കൊല്ലം : സർക്കാർ സംവിധാനങ്ങൾ പ്രതിദിനം നവീകരിക്കപ്പെടുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയിൽ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സന്ദർശിച്ച് ഷി വർക്ക് സ്‌പേസ് പദ്ധതിയുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസുകൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഭരത് മുരളിയുടെയും സ്മരണയ്ക്കായി കൊട്ടാരക്കരയിൽ ഫിലിം കോംപ്ലക്‌സ് നിർമ്മിക്കും. വെളിയത്ത് 35 സെന്റ് സ്ഥലത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ റവന്യൂ വകുപ്പ് ഓർഡർ ഉടൻ ഇറങ്ങും. കൊട്ടാരക്കരയിൽ 1,47000 ചതുരശ്ര അടി വിസ്തീർണത്തിൽ ഐടി പാർക്ക് നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ വിഭാവനം ചെയ്ത നൂതന പദ്ധതിയാണ് ഷീ വർക്ക് സ്‌പെയ്സ് (പെൺ തൊഴിലിടം). വിവിധ ഘടകങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയത്തോടെ നടപ്പിലാക്കുന്ന തൊഴിലിടത്തിൽ ആധുനിക രീതിയിലുള്ള വുമൺ ഹെൽത്ത് ക്ലബ്, റസ്റ്റോറന്റ്, ഡോർമെറ്ററി റൂം, മീറ്റിംഗ് ലോഞ്ച്, കഫറ്റേരിയ, വാണിജ്യ-വ്യാപാര കേന്ദ്രം, ഫാർമസി, ക്ലീനിക് എ ടി എം, സൂപ്പർമാർക്കറ്റ്, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ്. ബ്ലോക്ക് പരിധിയിൽ ഉചിതമായ സ്ഥലം കണ്ടെത്തി പദ്ധതി ആരംഭിക്കും.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.മിനി, സ്ഥിരം സമിതി അധ്യക്ഷരായ എം.ലീലാമ്മ, സജനി ഭദ്രൻ, ബ്ലോക്ക് അംഗങ്ങളായ കെ.ഐ.ലതീഷ്, ദിവ്യ സജിത്ത്, ഗീത ജോർജ്, ബി.ബിന്ദു, വത്സമ്മ തോമസ്, എം.ശിവപ്രസാദ്, മിനി അനിൽ, എസ്.എച്ച്.കനകദാസ്, സെക്രട്ടറി എൽ.വി.റാണി തുടങ്ങിയവർ പങ്കെടുത്തു.