കോന്നി ഇളകൊള്ളൂരില്‍ യുവാവ് വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വീട്ടില്‍ ശാസ്ത്രീയ പരിശോധനയും ഇന്ന് നടത്തും. അതേസമയം തീപിടുത്തമുണ്ടായപ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് മനോജിന്റെ പിതാവ് സോമന്‍ പൊലീസിന് മൊഴി നല്‍കി. മകനുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നും തര്‍ക്കത്തിന് ശേഷം താന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായും പിതാവ് പൊലീസിനോട് പറഞ്ഞു. വീടിന് തീപിടിച്ച സമയം മനോജിന്റെ മുറിയിലാണ് ആദ്യംതീപിടിച്ചത് എന്നാണ് മാതാവിന്റെ മൊഴി.
തീ പിന്നീട് മറ്റ് മുറികളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇളകൊള്ളൂര്‍ സ്വദേശി മനോജ് വീടിന് തീ പിടിച്ച് മരിച്ചത്. വീടിനു തീപിടിച്ചു കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് കോന്നിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ഏറെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പിന്നീട് വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീപിടുത്തത്തില്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു.