+

വിശ്വാസികളെ കൈവിടാത്ത കൊട്ടിയൂർ പെരുമാൾ ; വൈശാഖ മഹോത്സവത്തിനെത്തിയാൽ അതീവ പുണ്യം

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. ബാവലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രങ്ങളായ അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിവ ആതിഥേയത്വം വഹിക്കുന്ന  കൊട്ടിയൂർ വൈശാഖോത്സവം വടക്കേ മലബാറുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്.

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. ബാവലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രങ്ങളായ അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിവ ആതിഥേയത്വം വഹിക്കുന്ന  കൊട്ടിയൂർ വൈശാഖോത്സവം വടക്കേ മലബാറുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്.

ദക്ഷയാഗഭൂമിയാണ് കൊട്ടിയൂരെന്നാണ് ഐതിഹ്യം. പിതാവ് നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയ ദാക്ഷായണിയെ ദക്ഷൻ ആക്ഷേപിച്ചതിൽ അപമാനിതയായ ദേവി യാഗാഗ്നിയിൽ സ്വയം ദഹിച്ചു. ഇതിൽ കോപാകുലനായ പരമശിവൻ വീരഭദ്രനെയും ഭൂതഗണങ്ങളെയും അയച്ച് യാഗശാല തകർത്തു. ദക്ഷൻ ഉൾപ്പെടെയുള്ള യാഗസഭയെ വകവരുത്തുകയും ചെയ്തു. ഭഗവാന്റെ കൽപന പ്രകാരം വീരഭദ്രൻ ദക്ഷന്റെ തലയറുത്തു. ദക്ഷന്റെ നീണ്ട താടിയാണ് മുളയിൽ നിന്നുണ്ടാകുന്ന ഓടപ്പൂവിന്റെ സങ്കൽപ്പത്തിനു കാരണമത്രേ. ബ്രഹ്‌മാവിന്റെയും വിഷ്‌ണുവിന്റെയും യാചന കേട്ട് ദക്ഷനെയും മറ്റും ജീവിപ്പിച്ച് ശിവൻ യാഗം പൂർത്തിയാക്കിയെന്നും യാഗഭൂമിയിൽ സ്വയംഭൂവായി പരിണമിച്ചെന്നുമാണ് ഐതിഹ്യം. 11 മാസവും അഷ്ടബന്ധക്കൂട്ടിൽ അമരുന്ന തേവർക്ക് 27 നാൾ ഉത്സവമാണ്. കൊട്ടിയൂർ വൈശാഖോത്സവ വിശേഷങ്ങൾ അറിയാം.

kottiyoor

അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നീ പേരുകളിൽ രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ബാവലി പുഴയുടെ രണ്ടു കരകളിലായിട്ടാണ് ക്ഷേത്രങ്ങളുള്ളത്. ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ടെങ്കിലും അക്കരെ കൊട്ടിയൂരിൽ വൈശാഖോത്സവത്തോടനുബന്ധിച്ച് മാത്രമാണ് ക്ഷേത്രം കെട്ടുന്നത്. ഇടവമാസത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് ഇവിടെ ഉത്സവം നടക്കുന്നത്. ആ സമയത്ത് ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാകില്ല.

വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രാക്കൂഴം ചടങ്ങുകളോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. ഇത്തവണത്തെ പ്രാക്കുഴം ചടങ്ങ് മേയ് 12ന് നടക്കും. നീരെഴുന്നള്ളത്ത് മുതലാണ് വൈശാഖോത്സവത്തിന് കൊടിയേറുന്നത്. ഇത്തവണത്തെ നീരെഴുന്നള്ളത്ത് ജൂൺ 2നാണ്.

kottiyoor

പതിനൊന്നു മാസത്തോളം ഭക്തർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തിരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്തിനാണ്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും സമുദായി ഭട്ടതിരിപ്പാടിന്റെയും പടിഞ്ഞീറ്റ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പാരമ്പര്യ ഊരാളന്മാർ ഉൾപ്പെടുന്ന സംഘം രഹസ്യകാനന വഴികളിലൂടെ നടന്ന് മന്ദംചേരിയിലെ കൂവപ്പാടത്തു നിന്നും കൂവയിലയിൽ തീർത്ഥം ശേഖരിച്ച് മണിത്തറയിൽ സ്വയംഭൂവിൽ അഭിഷേകം ചെയ്യുന്നതാണ് നീരെഴുന്നള്ളത്തിലെ പ്രധാന ചടങ്ങ്.

kottiyoor

ജൂൺ 8ന് നെയ്യാട്ടത്തോടെയാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങുന്നത്. 9ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനമുള്ളത്. ഉത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ താത്കാലിക കയ്യാലകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

 ജൂൺ 9ന് രാത്രി മണിത്തറയിൽ നിന്ന് നടത്തുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ചശേഷമാണ് നിത്യപൂജകളും ദർശനവും ആരംഭിക്കുന്നത്. ഭണ്ഡാരം എഴുന്നള്ളത്തിനുശേഷം സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനം നടത്താം. ജൂൺ 15 ന് തിരുവോണം ആരാധനയും 17ന് ഇളനീർ വെപ്പും നടക്കും. 18ന് സുപ്രധാന ചടങ്ങായ ഇളനീരാട്ടവും അഷ്ട്ടമി ആരാധനയും 20 ന് രേവതി ആരാധന 24 ന് രോഹിണി ആരാധനയും നടക്കും . ജൂൺ 26 ന് തിരുവാതിര ചതുശ്ശതം, 27ന് പുണർതം ചതുശ്ശതം,28ന് ആയില്യം ചതുശ്ശതവും നടക്കും.

Valattam with devotional ceremonies Kottiyoor Vaisakhi festival ends tomorrow

മകം കലം വരവ് ദിവസമായ ജൂൺ 30 ഉച്ച വരെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരിക്കും. ജൂലായ് 3 ന് അത്തം ചതുശ്ശതം ,വാളാട്ടം, കലശ പൂജ എന്നിവയും നടത്തും. 

ജൂലായ് നാലിന്  കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തൃക്കലശാട്ടത്തോടെ പരാശക്തിയുടെ വാൾ മുതിരേരിക്കാവിലേക്ക് തിരിച്ചെഴുന്നള്ളിക്കും.

facebook twitter