+

ഡോക്ടർ വന്ദനദാസിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്; മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് വന്ദനയുടെ അച്ഛൻ

2023 മെയ് 10ന് പുലർച്ചെയാണ് മോഹൻദാസിന്റെ ഫോണിലേക്ക് നടുക്കുന്ന വാർത്തയെത്തിയത്. മകൾക്ക് അപകടം സംഭവിച്ചെന്ന് മാത്രമായിരുന്നു ആ സന്ദേശം. ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് മകളുടെ ചേതനയറ്റ ശരീരം ആണ്. ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് വന്ന അക്രമിയുടെ കുത്തേറ്റ് വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 

കോട്ടയം : ഡോ. വന്ദനദാസിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകൾ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലർച്ചെ സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റ് മരിച്ചത്. നിലവിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 

ഏകമകൾ ഈ ഭൂമിയിൽ ഇല്ല എന്നുള്ളത് ഇതുവരേയും വന്ദനയുടെ അച്ഛനും അമ്മയ്ക്കും ഉൾക്കൊള്ളാൻ ആയിട്ടില്ല. 2023 മെയ് 10ന് പുലർച്ചെയാണ് മോഹൻദാസിന്റെ ഫോണിലേക്ക് നടുക്കുന്ന വാർത്തയെത്തിയത്. മകൾക്ക് അപകടം സംഭവിച്ചെന്ന് മാത്രമായിരുന്നു ആ സന്ദേശം. ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് മകളുടെ ചേതനയറ്റ ശരീരം ആണ്. ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് വന്ന അക്രമിയുടെ കുത്തേറ്റ് വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 

എന്നാൽ മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്നും അതെല്ലാം പുറത്ത് കൊണ്ട് വരുമെന്നും വന്ദനയുടെ അച്ഛൻ പറഞ്ഞു. കേസിൽ 131 സാക്ഷികളാണ് ഉള്ളത്. പ്രതി സന്ദീപിന്റെ ജാമ്യ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ സന്ദീപിന്റെ മാനസിക നില പരിശോധനയും നടത്തിയിരുന്നു. ഇതേ തുടർന്ന് മാനസിക നിലയിൽ തകരാറില്ല എന്നാണ് മെഡിക്കൽ റിപ്പോർട്ട്.
 

facebook twitter