കോട്ടയം: തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ ജില്ലാ അദാലത്തിൽ 24 അപേക്ഷകൾ പരിഗണിച്ചു. ഓൺലൈനായി ലഭിച്ച മൂന്ന് പരാതികളും നേരിട്ട് എത്തിയ 21 പരാതികളുമാണ് അദാലത്തിൽ പരിഗണിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് ചികിത്സ ധനസഹായത്തിനായിരുന്നു. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുള്ള ധനസഹായം തുടങ്ങിയ അപേക്ഷകളും ലഭിച്ചു.
മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങൾക്ക് 10,000 രൂപയുമാണ് നൽകുക. ഒരാൾക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ.കളക്ടറേറ്റിലെ തൂലിക ഹാളിൽ നടന്ന അദാലത്തിന് ജില്ലയിലെ നോർക്ക അസിസ്റ്റന്റ് സുജിത സാറാമ്മ ചാക്കോ, നോർക്ക എറണാകുളം അസിസ്റ്റന്റുമാരായ ആഷ്‌ലി വർഗീസ്, ലിജി വിജയൻ എന്നിവർ നേതൃത്വം നൽകി.