ചെരിപ്പ് കടയുടെ മറവിൽ ലഹരിക്കച്ചവടം; കൊടുവള്ളിയിൽ ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

11:10 AM Apr 20, 2025 | AJANYA THACHAN

കോഴിക്കോട് :  കൊടുവള്ളിയിൽ ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 11000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. കൊടുവള്ളി മടവൂര്‍മുക്ക് കിഴക്കേ കണ്ടിയില്‍ മുഹമ്മദ് മുഹസിന്റെ (33) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 9750 പാക്കറ്റ് ഹാന്‍സ്, 1250 പാക്കറ്റ് കൂള്‍ ലിപ് എന്നിവ പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്.

മുഹമ്മദ് മുഹസിന്റെ നരിക്കുനിയിലുള്ള ചെരുപ്പു കടയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പോലീസ് നടത്തിയ പരിശോധനയില്‍ 890 പാക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തതില്‍നിന്നാണ് വീട്ടില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്. നരിക്കുനിയില്‍ ചെരുപ്പുകടയുടെ മറവിലായിരുന്നു ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് നരിക്കുനിയില്‍ ചിക്കാഗോ ഫൂട് വെയർ ആന്‍ഡ് ബാഗ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. നരിക്കുനിയില്‍നിന്ന് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വില വരും.

കര്‍ണ്ണാടകയില്‍നിന്ന് ലോറിയിൽ എത്തിക്കുന്ന ഹാന്‍സ് കോഴിക്കോട് ജില്ലയിലെ മൊത്ത, ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്. മുന്‍പും സമാനമായ രീതിയില്‍ കുന്നമംഗലം പോലീസ് ആരാമ്പ്രത്തുള്ള ഇയാളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ഹാന്‍സ് പിടികൂടിയിരുന്നു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ.പി, എ എസ് ഐമാരായ ബിജേഷ്, സുനിത, സീനിയര്‍ സിപിഒമാരായ അനൂപ് തറോല്‍, രതീഷ്, വിപിന്‍ദാസ്, സി പി ഒ മാരായ ശ്രീനിഷ്, അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.