കോഴിക്കോട് : കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. കേസിൽ കൂടുതൽ കുട്ടികൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ഇതിനായി പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചു.
നല്ലളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ 2 വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിക്കുകയും മറ്റൊരു കുട്ടി പീഡന ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരായ 3 പേരേയും ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. ഇതിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയതായി ഫറോക്ക് എസിപി എ എം സിദ്ദിഖ് അറിയിച്ചു.
ചൊവാഴ്ച സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കാനായിരുന്നു ധാരണയെങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. 3 പേർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലാകും തുടർ നടപടി സ്വീകരിക്കുക.
ഒരാഴ്ച മുമ്പ് ഒരു വിദ്യാർത്ഥിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് 14, 15 വയസ്സുള്ള രണ്ട് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു 14 കാരൻ പീഡന ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ഇത് പെൺകുട്ടിയുടെ ബന്ധു കാണാനിടയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നൽകിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.