അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയല്‍ പോലീസിന്റെ പിടിയില്‍. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. ഇന്നലെ പേരാമ്പ്രയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2021-22ലാണ് സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും രേഖകളും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിര്‍മിക്കുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ അമ്പലവയലിലെ ആശുപത്രി അധികൃതര്‍ ഇയാളോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപെട്ടു. എന്നാല്‍ ജോബിന്‍ മൊബൈല്‍ സ്വിച്ച്ഓഫ് ആക്കി മുങ്ങുകയായിരുന്നു.
നഴ്സിംഗ് പഠന ശേഷം വിവിധ സ്ഥലങ്ങളില്‍ നേഴ്സായി ജോലി ചെയ്ത ശേഷമായിരുന്നു കൊവിഡ് സമയത്ത് ഈ ആശുപത്രിയില്‍ ജോലിക്ക് കയറിയത്.