കോഴിക്കോട് : സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ ‘ഹില്ലി അക്വ’ എന്ന കുപ്പിവെള്ള പ്ലാന്റ് കോഴിക്കോട്ട് വരുന്നു. ഉത്തരകേരളത്തിലെ ആദ്യ പ്ളാന്റ് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് വരുന്നത്. പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്നുള്ള ജപ്പാൻ കുടിവെള്ളപദ്ധതിയിലെ വെള്ളമാണ് ഇതിനായി ഉപയോഗിക്കുക.
മലബാറിലെ ജില്ലകളിലായിരിക്കും വിതരണത്തിനെത്തിക്കുക. ‘ഹില്ലി അക്വ’യ്ക്ക് തൊടുപുഴയിലും അരുവിക്കരയിലുമാണ് പ്ലാന്റുകളുള്ളത്. കോഴിക്കോടിനുപുറമേ കൊച്ചിയിലും പ്ലാന്റ് നിർമിക്കാൻ പദ്ധതിയുണ്ട്.പെരുവണ്ണാമൂഴിക്ക് സമീപം ആറായിരം ചതുരശ്രയടി സ്ഥലത്തായിരിക്കും പ്ലാന്റ്. രണ്ടുലക്ഷം ലിറ്റർ വെള്ളമായിരിക്കും ഒരുദിവസം ഉപയോഗപ്പെടുത്തുക.
സ്വന്തമായി ജലഗുണനിലവാരം പരിശോധിക്കുന്നതിന് പ്രത്യേകം ലബോറട്ടറിയും മൈക്രോ ബയോളജിസ്റ്റും കെമിക്കൽ അനലിസ്റ്റും ഇവിടെയുണ്ടാവും. ഒൻപതുമാസത്തിനകം പദ്ധതി കമ്മിഷൻചെയ്യാനാണ് പദ്ധതിയെന്ന് ‘ഹില്ലി അക്വ’ സീനിയർ ജനറൽ മാനേജർ വി. സജി പറഞ്ഞു.
ചക്കിട്ടപ്പാറയിലെ കെട്ടിടവും സ്ഥലവും 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പദ്ധതി നടത്തുന്നത്. 20 ലിറ്റർ, അഞ്ച് ലിറ്റർ, രണ്ട് ലിറ്റർ, ഒരു ലിറ്റർ, അരലിറ്റർ എന്നിങ്ങനെ കുപ്പികളിൽ ലഭ്യമാകും. വിതരണത്തിന് ഡീലർമാരെ അടുത്തദിവസം ക്ഷണിച്ചിട്ടുമുണ്ട്. നിലവിൽ ജയിൽ കാന്റീൻ വഴി ഈ കുപ്പിവെള്ളം വിതരണത്തിലുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞനിരക്കിൽ കുപ്പിവെള്ളം നൽകാൻ സന്നദ്ധത ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും മറുപടിലഭിച്ചിട്ടില്ല. ‘റെയിൽനീർ’ എന്ന റെയിൽവേയുടെ കുടിവെള്ളക്കുപ്പികൾ വിൽപ്പനയ്ക്കില്ലാത്ത റെയിൽവേ സ്റ്റേഷനുകളിൽ മൂന്നുവർഷത്തേക്ക് ‘ഹില്ലി അക്വ’ എത്തിക്കാൻ ധാരണയായിട്ടുണ്ട്.