+

കോഴിമാലിന്യം പാലക്കാട് ജില്ല വിട്ട് കൊണ്ടുപോകുന്നതിന് വിലക്ക്

കോഴിമാലിന്യം (പൗൾട്രി വേസ്റ്റ്) ജില്ല വിട്ട് കൊണ്ടുപോകുന്നതിനു കർശന വിലക്കുമായി തദ്ദേശവകുപ്പിന്റെ പുതിയ സർക്കുലർ. കോഴി മാലിന്യം അനധികൃതമായി കടത്തുന്നത് തടയാനും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സർക്കുലർ.

പാലക്കാട് : കോഴിമാലിന്യം (പൗൾട്രി വേസ്റ്റ്) ജില്ല വിട്ട് കൊണ്ടുപോകുന്നതിനു കർശന വിലക്കുമായി തദ്ദേശവകുപ്പിന്റെ പുതിയ സർക്കുലർ. കോഴി മാലിന്യം അനധികൃതമായി കടത്തുന്നത് തടയാനും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സർക്കുലർ. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, നിയമം ലംഘിച്ച് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടി ലേലം ചെയ്യാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്ക് (എസ്.ഡി.എം) അധികാരം നൽകിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട്, 2024-ലെ സെക്ഷൻ 340B, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട്, 2024-ലെ സെക്ഷൻ 219U എന്നിവ പ്രകാരമാണ് ഈ നടപടികൾ. മുനിസിപ്പാലിറ്റി സെക്രട്ടറി, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ, അല്ലെങ്കിൽ സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ എന്നിവർക്ക് അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും എസ്.ഡി.എമ്മിന് മുമ്പാകെ ഹാജരാക്കാനും കഴിയും.

കണ്ടുകെട്ടുന്നതിന് മുമ്പ് വാഹന ഉടമയ്ക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയ ശേഷം എസ്.ഡി.എമ്മിന് കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിക്കാം. കണ്ടു കെട്ടിയ വാഹനം ലേലം ചെയ്തു വിൽക്കണം. സമീപ ജില്ലയിലെ മാലിന്യ പ്ലാന്റാണ് സ്വന്തം ജില്ലയിലെ പ്ലാന്റിനെക്കാൾ അടുത്തുള്ളതെങ്കിൽ ജില്ലാതിർത്തി കടക്കുന്നതിന് ജില്ലാതല സൗകര്യ ഏകോപന സമിതിയുടെ (DLFMC) അനുവാദത്തോടുകൂടി ഇളവ് അനുവദിക്കാം. ജില്ലയ്ക്കുള്ളിലെ പ്ലാന്റിന് ആവശ്യത്തിനു സംസ്‌കരണ ശേഷിയില്ലെങ്കിലോ തകരാറിലാണെങ്കിലോ ജില്ലയ്ക്കു പുറത്തുള്ള പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാൻ ഡി.എൽ.എഫ്.എം.സി യുടെ അനുവാദത്തോടെ അനുവദിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കോഴിമാലിന്യം ജില്ലയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നവർക്കെതിരെ സർക്കുലർ അനുസരിച്ച് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ജി വരുൺ അറിയിച്ചു.
 

facebook twitter