കൃഷ്ണഗാഥ ഉത്തരകേരളത്തിൻ്റെ ചിങ്ങപ്പാട്ട് ; ചിങ്ങം പിറന്നു, ഇനി കൃഷ്ണപ്പാട്ടിൻ്റെ ശീലുകൾ

11:33 AM Aug 17, 2025 | Neha Nair

കണ്ണൂർ : മലയാളക്കരയുടെ ആണ്ടുപിറപ്പാണ് ചിങ്ങം ഒന്ന്. പുത്തനാണ്ടിനെ, ചിങ്ങ വസന്തത്തെ തുയിലുണർത്താൻ
ഉത്തരകേരളത്തിന് സ്വന്തമായൊരു ചിങ്ങപ്പാട്ടുണ്ട്. ആ പാട്ട് മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചമലയാള മഹാകാവ്യം കൂടിയാണ്. അതാണ് ചെറുശ്ശേരി നമ്പൂതിരിയുടെ കൃഷ്ണഗാഥ . ഉത്തര കേരളം അതായത് പണ്ടത്തെ കോലത്തുനാട് ചെറുശ്ശേരിയുടെ കൃഷ്ണപ്പാട്ടു പാടിയാണ് ചിങ്ങപ്പുലരികളെ വരവേറ്റിരുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ തൻ്റെ സദസ്യനായ ചെറുശ്ശേരി നമ്പൂതിരി രചിച്ച കൃഷ്ണഗാഥ  പ്രജകൾ പാരായണം ചെയ്യണമെന്ന് അന്നത്തെ ഉദയവർമ്മൻ കോലത്തിരി മഹാരാജാവ് കല്പിക്കുകയായിരുന്നുവത്രെ. അപ്രകാരം കോലത്തുനാട്ടിലെ വീടുകളിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി മാസമായ ചിങ്ങത്തിൽ എല്ലാ ദിവസവും രാവിലെ  കൃഷ്ണഗാഥാ പാരായണം ചെയ്തിരുന്നു. കഴിഞ്ഞ 600 വർഷമായി തുടർന്നു വരുന്ന കൃഷ്ണപ്പാട്ട് പാരായണം കഴിഞ്ഞ നൂറ്റാണ്ടിനൊടുവിലായപ്പോഴേക്കും പഴയ തറവാടുകളിൽ മാത്രമായി ഒതുങ്ങി. 

അന്യംനിന്നു പോകുന്ന ആ പഴയ പാരായണ പാരമ്പര്യം കോലത്തിരി രാജവംശത്തിൻ്റെ ഒടുവിലത്തെ ആസ്ഥാനമായ ചിറക്കലടക്കമുള്ള ഗ്രാമങ്ങൾ  ഇന്നും സംരക്ഷിച്ചു വരുന്നുണ്ട്. ചിറക്കൽ ചിറയുടെ കിഴക്കേക്കരയിൽ മതിലകം ശ്രീകൃഷ്ണ ക്ഷേത്രം കേന്ദ്രീകരിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ ചിങ്ങമാസം മുഴുവൻ കൃഷ്ണഗാഥ പാരായണം മുടങ്ങാതെ നടത്തിവരുന്നു.

കൃഷ്ണഗാഥ  രചനയ്ക്കു മുന്നോടിയായി കിഴക്കേര ശ്രീകൃഷ്ണനെയടക്കം ധ്യാനിച്ചാണ് ചെറുശ്ശേരികാവ്യം  രചിച്ചതെന്ന മറ്റൊരു വിശ്വാസവുമുണ്ട്. എന്തായാലും  കോലത്തിരിയുടെ ആസ്ഥാനം വളപട്ടണത്തുനിന്ന് ചിറക്കലിലേക്ക് മാറ്റുംമുമ്പാണ് കൃഷ്ണഗാഥയുടെ രചനാ കാലം. കോലത്തിരി രാജവംശം വൈഷണവആരാധകരായി മാറിയപ്പോൾ വൈഷ്ണവ ഭക്തി പ്രസ്ഥാനം തൃച്ചംബരത്തു പെരുമാളിനെ കേന്ദ്രീകരിച്ചാണ് ഉത്തരകേരളത്തിൽ ശക്തിപ്പെട്ടത്. തൃച്ഛംബരം ക്ഷേത്രമായിരുന്നു ഇതിൻ്റെ പ്രഭവ കേന്ദ്രം.

ചരിത്രകാരനായ ഡോ. എം ജി എസ് നാരായണൻ പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് കുറച്ചുകൂടി പ്രാചീന കാലത്ത് രചിച്ച കൃതിയായാണ് കൃഷ്ണഗാഥയെകണക്കാക്കിയിട്ടുള്ളത്.1446- 1475 കാലമാണ് ഉദയവർമ്മൻ കോലത്തിരിയുടെ ഭരണകാലം. ഉദയവർമ്മൻ്റെ സദസ്യനായിരുന്നു ചെറുശ്ശേരി. ഉദയവർമ്മൻ കോലത്തിരിയുടെ ആജ്ഞയാലാണ് കൃഷ്ണഗാഥ രചിച്ചതെന്ന് തൻ്റെ കാവ്യത്തിൽ തന്നെ ചെറുശ്ശേരി രേഖപ്പെടുത്തിയിട്ടുമുണ്ട്.മലയാളക്കരയിലെ  ആദ്യ കാവ്യപാരായണ ഗ്രന്ഥമായ കൃഷ്ണഗാഥയുടെ പാരായണ സംസ്കാരം പുതിയ തലമുറയ്ക്ക് പകർന്നു നല്കാൻ ഇക്കുറിയും സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം വിവിധ പരിപാടികൾ ഒരുക്കുന്നുമുണ്ട്. പാരായണ  പ്രചാരണത്തിൽ പങ്കാളിയായി പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും രംഗത്തുണ്ട്.

 കൃഷ്ണപ്പാട്ടു വഴക്കം  വാട്സ് കൂട്ടായ്മ രൂപവൽക്കരിച്ച് സംഘവഴക്ക ഗവേഷണ പീഠം വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വഴിയും കൃഷ്ണപ്പാട്ട് പാരായണം നടത്തിവരുന്നു.  ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം, പള്ളിക്കുന്ന് പൊക്യാരത്ത് തറവാട്,അഴീക്കോട് മൊളോളം ക്ഷേത്രം, കീഴല്ലൂർ മഹാദേവ ക്ഷേത്രം, ചിറക്കൽ ശ്രീമംഗലം വയോജന സദനം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിത്യേന കൃഷ്ണപ്പാട്ട് പാരായണം നടത്തുന്നുമുണ്ട്. 600 വർഷം മുമ്പ് ഉദയവർമ്മൻ കോലത്തിരി മഹാരാജാവ് തുടക്കമിട്ട കൃഷ്ണഗാഥ പ്രചാരണം ലോക മലയാളികൾക്കിടയിലെത്തിക്കാൻ കാവാലം ശ്രീകുമാറും സംഘവഴക്ക ഗവേഷണ പീഠവും കഴിഞ്ഞ വർഷം മുതലാണ് സജീവമായി രംഗത്ത് എത്തിയത്.

മലയാളത്തിലെ ആദ്യ പാട്ടു മഹാകാവ്യം എന്ന നിലയിൽ അതിൻ്റെ പാരായണ  പ്രസക്തി വർദ്ധിച്ചു വരികയാണെന്നും സംഘ വഴക്ക ഗവേഷണ പീഠം അഭിപ്രായപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ പച്ചമലയാള മഹാകാവ്യമായ
കൃഷ്ണഗാഥ തമിഴിലേക്ക്  മൊഴിമാറ്റം നടത്തണമെന്ന് ചെന്നൈ ക്ലാസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തമിഴിനോട് സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച ചെന്നൈ ചെമ്മൊഴി ശാലയിൽ ക്ലാസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തമിഴിൻ്റെ വിവർത്തന ശില്പശാലയിൽ പങ്കെടുക്കവെ സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യകാല ക്ലാസിക്കൽ കാവ്യങ്ങൾ മൊഴിമാറ്റാൻ ക്ലാസിക്കൽ പദവി ലഭിച്ച മലയാളവും മുൻകൈ എടുക്കേണ്ടതുണ്ടെന്ന് സംഘവഴക്ക ഗവേഷണ പീഠം ആവശ്യപ്പെട്ടു. ചിറക്കലിൽ സംഗീതജ്ഞ ഡോ. സുമ സുരേഷ് വർമ്മ വർഷങ്ങൾക്കു മുമ്പ് കൃഷ്ണപ്പാട്ട് പാടി റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാൻ രംഗത്തുവന്നതും ശ്രദ്ധേയമായിരുന്നു.