
കോഴിക്കോട്: മുസ്ലീംലീഗുമായുള്ള ഏറ്റുമുട്ടലിനിടെ മുന്നറിയിപ്പുമായി കെടി ജലീല്‍ എംഎല്‍എ. സമുദായത്തിന്റെ മറവില്‍ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോള്‍ അതിനെ നശിപ്പിക്കുന്ന 'കീടബാധ'യായി മാറാന്‍ യാതൊരു മടിയുമില്ല. ഞാന്‍ തീവ്ര സ്വഭാവമുള്ള പാര്‍ട്ടിയില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങിയത് എന്ന് ആരോപിച്ച ലീഗ് നേതാക്കള്‍ മുസ്ലിംലീഗിന്റെ ദേശീയ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ അബ്ദുസ്സമദ് സമദാനി തീവ്രസ്വഭാവവുള്ള സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ലീഗ് സമുദായത്തെ വഞ്ചിച്ചാല്‍ 'കീടബാധ'യാകാനും മടിയില്ല.
സമുദായത്തിന്റെ മറവില്‍ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോള്‍ അതിനെ നശിപ്പിക്കുന്ന 'കീടബാധ'യായി മാറാന്‍ യാതൊരു മടിയുമില്ല. അത് ഇഞ്ചി കൃഷിയെ മാത്രമല്ല കാപ്പിയേയും ചായയേയും മറ്റു നാണ്യവിളകളെയുമെല്ലാം നശിപ്പിക്കുമെന്ന് ലീഗ് നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
വയനാട് ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മകളുടെ വിവാഹാഘോഷം വേണ്ടെന്നു വെച്ച് 5 ലക്ഷം രൂപ സംഭാവന നല്‍കിയ വ്യക്തിയെ കുറിച്ചാണ് ദുരന്ത ബാധിതര്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചത്. അത്രയും സംഖ്യ സ്വന്തമായി വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ സംഭാവന നല്‍കിയ എത്ര ലീഗ് നേതാക്കള്‍ ഉണ്ടെന്നത് മുസ്ലിംലീഗ് വ്യക്തമാക്കട്ടെ. ഇതൊരു വെല്ലുവിളിയായി ലീഗിന് ഏറ്റെടുക്കാം. ഫോട്ടോക്ക് പോസ് ചെയ്യാനും റീല്‍സില്‍ അഭിനയിക്കാനും ഞാന്‍ ഉണ്ടായിട്ടില്ലെന്നത് ശരിയാണ്.
ഞാന്‍ തീവ്ര സ്വഭാവമുള്ള പാര്‍ട്ടിയില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങിയത് എന്ന് ആരോപിച്ച ലീഗ് നേതാക്കള്‍ മുസ്ലിംലീഗിന്റെ ദേശീയ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ അബ്ദുസ്സമദ് സമദാനി തീവ്രസ്വഭാവവുള്ള സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു എന്ന കാര്യം മറക്കരുത്. അദ്ദേഹം ആ തീവ്ര സംഘടനയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ആയത് എന്ന കാര്യവും വിസ്മരിക്കരുത്.
വയനാട് പുനരധിവാസത്തിന്റെ മറവില്‍ പകല്‍ കൊള്ള നടത്തിയ ലീഗ്-യൂത്ത്‌ലീഗ് നേതാക്കളെ വെള്ള പൂശാനുള്ള മുസ്ലിംലീഗിന്റെ ശ്രമം വിലപ്പോവില്ല. ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ട് കാര്യമില്ല. ലീഗില്‍ ആയിരുന്ന കാലത്തും അല്ലാത്തപ്പോഴും കടം വാങ്ങിയ വകയില്‍ പോലും ഒരാള്‍ക്കും പത്തു രൂപ കൊടുക്കാനില്ലാത്ത ഈ വിനീതന്‍, ഒരാളുടെ കയ്യില്‍ നിന്നും ഒരു നയാപൈസ കൈക്കൂലിയായോ കമ്മീഷനായോ പറ്റിയിട്ടില്ല. ഒരാളെയും ബിസിനസില്‍ ഷെയര്‍ ചേര്‍ത്ത് വഞ്ചിച്ചിട്ടുമില്ല. മറ്റുള്ളവരുടെ പണം കൊണ്ട് ലാഭക്കൊയ്ത്തും നടത്തിയിട്ടില്ല. പൊരുത്തമില്ലാത്തതൊന്നും വയറ്റിലില്ല. ഉണ്ടെന്ന് പറയാന്‍ ലീഗ് നേതാക്കള്‍ക്കാകുമെങ്കില്‍ അന്ന് ഞാന്‍ ലീഗ് പറയും പ്രകാരം കേള്‍ക്കും. ഇത് വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം.
മുണ്ടക്കൈലേയും ചൂരല്‍മലയിലേയും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാകലാണ് ഏറ്റവും അഭികാമ്യമെന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ജനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിച്ച് മുസ്ലിം ഗ്രാമവും ഹിന്ദു ഗല്ലിയും കൃസ്ത്യന്‍ ഇടവകയും ഉണ്ടാക്കുന്നതിനോട് ഒരു നിലക്കും യോജിക്കാനാവില്ല. ലീഗും സേവാഭാരതിയും കാസയുമൊക്കെ ശ്രമിക്കുന്നത് അതിനു വേണ്ടിയാണ്. ബഹുമത സ്വഭാഹം സര്‍ക്കാര്‍ ടൗണ്‍ഷിപ്പിനേ ഉണ്ടാകൂ. ലീഗിന്റെ ആനുകൂല്യം പറ്റുന്നവര്‍ക്ക് ജീവിതാവസാനം വരെ ലീഗുകാരെ കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കേണ്ട ഗതികേടാണ് ഉണ്ടാവാന്‍ പോകുന്നത്. ലീഗ് പറയുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഭാവി തലമുറയെപ്പോലും ലീഗ് പണിത വീടിന്റെ 'മജ'' പറഞ്ഞ് ലീഗുകാര്‍ അപമാനിക്കും. കൊടപ്പനച്ചോട്ടില്‍ പുര വെച്ച് കെട്ടിയ പോലത്തെ അവസ്ഥയാകും ആ പാവങ്ങള്‍ക്കുണ്ടാവുക. ഒരാളുടെയും ആശ്രിതന്‍മാരാകാതെ തീര്‍ത്തും സ്വതന്ത്രമായി ജീവിക്കാന്‍ സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ഭാഗഭാക്കാവലാണ് ദുരിതബാധിതരായ സഹോദരീ സഹോദരന്‍മാര്‍ക്ക് കരണീയം.