
കൊച്ചി: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാനും അവസാനിപ്പിക്കാനും അധികാരം വൈസ് ചാൻസലർക്കെന്ന് ഹൈകോടതി. സർവകലാശാലയുടെ കാര്യത്തിൽ നിർണായകസ്ഥാനം മാത്രമല്ല, വിവേചനാധികാരവും വി.സിക്കുണ്ട്. സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ചാൻസലറിനെയാണ് സമീപിക്കേണ്ടതെന്നും ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി. ഡോ. കെ. ശിവപ്രസാദ് വി.സിയായി ചുമതലയേറ്റശേഷം ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ സമർപ്പിച്ച ഹരജി തള്ളിയാണ് നിരീക്ഷണം.
അംഗങ്ങൾ ആവശ്യപ്പെട്ട ഒരുവിഷയം അജണ്ടയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമായത്. ഇതേതുടർന്ന് യോഗം പിരിച്ചുവിട്ടതായി വി.സി പ്രഖ്യാപിച്ചു.
എന്നാൽ, സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം തുടരുകയും അജൻഡയിൽ ഉൾപ്പെടാത്ത വിഷയത്തിൽ തീരുമാനമെടുക്കുകയുംചെയ്തു. ഈ തീരുമാനം വി.സി റദ്ദാക്കിയത് ചോദ്യംചെയ്താണ് സിൻഡിക്കേറ്റംഗങ്ങൾ കോടതിയിലെത്തിയത്. യോഗം വി.സി പിരിച്ചുവിട്ടതിലെ ശരിയും തെറ്റും കോടതിയല്ല, ചാൻസലറാണ് പരിശോധിക്കേണ്ടതെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. സിൻഡിക്കേറ്റംഗങ്ങൾക്ക് യോഗം വിളിക്കാമെന്ന സാഹചര്യമുണ്ടാകുന്നത് അപഹാസ്യമാണ്. യോഗം പിരിച്ചുവിട്ടെന്ന് പ്രഖ്യാപിച്ച ശേഷമെടുത്ത തീരുമാനം വി.സി റദ്ദാക്കിയതിൽ തെറ്റില്ല.
അതേസമയം, അജണ്ടയിൽ ഏതെങ്കിലും വിഷയംകൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടതിന്റെ പേരിൽ യോഗം പിരിച്ചുവിടേണ്ടിയിരുന്നില്ല. വിഷയം ചർച്ച ചെയ്ത് ആവശ്യമെങ്കിൽ തീരുമാനം നീട്ടിവെച്ചാൽ മതിയായിരുന്നു. സർവകലാശാല പ്രവർത്തനം സുഗമമാക്കാൻ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കുമെന്ന് കരുതുന്നതായും കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.
കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പ്രസിഡന്റിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് അജണ്ടയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സിൻഡിക്കേറ്റിൽ ഒരുവിഭാഗം ആവശ്യപ്പെട്ടത്. സർക്കാർ നൽകിയ പട്ടികയിൽനിന്നല്ലാതെ ചാൻസലർ നിയമിച്ച വി.സിയാണ് ഡോ. ശിവപ്രസാദ്.