ഓണത്തിന് സദ്യ കുടുംബശ്രീ വീട്ടിലെത്തിക്കും

10:14 AM Aug 17, 2025 | Kavya Ramachandran

ആലപ്പുഴ: ഓണത്തിന് സദ്യയൊരുക്കാൻ നോ ടെൻഷൻ. പരിപ്പും പപ്പടവും സാമ്പാറും അവിയലും അച്ചാറും തോരനുമെല്ലാമുള്ള സദ്യ കുടുംബശ്രീ വീടുകളിലെത്തിക്കും. നടാടെയാണ് കുടുംബശ്രീ സദ്യ തയ്യാറാക്കുന്നത്. രണ്ടു പായസമുള്‍പ്പെടെ 18 ഇനങ്ങളുണ്ടാകും.

മുന്‍കൂട്ടിയുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ചാകും നല്‍കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. ഒരു ബ്ലോക്കില്‍ രണ്ടു സിഡിഎസുകള്‍ക്കാണ് ചുമതല. ആലപ്പുഴ ജില്ലയില്‍ 12 ബ്ലോക്കുകളിലായി 25 യൂണിറ്റുകളാണ് സദ്യയൊരുക്കുക

പട്ടണക്കാട്, എഴുപുന്ന, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, നെടുമുടി, ചമ്പക്കുളം, വെളിയനാട്, മുട്ടാര്‍, പുന്നപ്ര സൗത്ത്, പുറക്കാട്, തൃക്കുന്നപ്പുഴ, ചെറുതന, ചെറിയനാട്, മുളക്കുഴ, തെക്കേക്കര, മാവേലിക്കര യുഎല്‍ബി, താമരക്കുളം, പാലമേല്‍, ആറാട്ടുപുഴ, കായംകുളം പടിഞ്ഞാറ്, പത്തിയൂര്‍ എന്നീ സിഡിഎസുകളില്‍നിന്നാണ് വിതരണം.

ഒരാള്‍ക്ക് 200 രൂപയില്‍ താഴെയാകും നിരക്ക്. കൃത്യമായ വില വരുംദിവസങ്ങളില്‍ നിശ്ചയിക്കുമെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്. രഞ്ജിത്ത് പറഞ്ഞു. പായസം മാത്രമായും വില്‍ക്കും. ഒരു ലിറ്ററര്‍ എങ്കിലുമുള്ള ഓര്‍ഡറുകളായിരിക്കണം. സേമിയ, അട, പരിപ്പ് എന്നിവയാണുണ്ടാകുക. കൂടാതെ മിക്‌സ്ചര്‍ പായസവും ഉണ്ടാകും. ഇതിനു ലിറ്ററിന് 150 രൂപയാണ് വില.