+

കുന്നംകുളം കസ്റ്റഡി മർദനം; 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത്‌കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദിച്ച സംഭവത്തിൽ നടപടി. നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. . എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവർക്കെതിരായാണു നടപടി.

തൃശൂർ ; കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത്‌കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദിച്ച സംഭവത്തിൽ നടപടി. നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. . എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവർക്കെതിരായാണു നടപടി. ഡിഐജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐജിയുടെ ഉത്തരവിൽ പറയുന്നു.

ഡിഐജി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ഡിഐജി നേരത്തെ നടപടിയെടുത്തിരുന്നു. ഈ നടപടി പുനഃപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. സ്ഥലം മാറ്റിയ പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കിയ ശിക്ഷാ നടപടിയായിരുന്നു ഡിഐജി നാലു ഉദ്യോഗസ്ഥർക്കെതിരെയും എടുത്തിരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി ക്രിമനൽ കേസും എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ ഐജി അംഗീകരിച്ചത് ഉത്തരവിറക്കിയത്. 

നിലവിൽ എസ്ഐ നുഹ്മാൻ വിയ്യൂർ പൊലീസ് സ്റ്റേഷനിലും സിപിഒ സന്ദീപ് മണ്ണുത്തി പൊലീസ് സ്റ്റേഷനിലും സിപിഒമാരായ സജീവൻ, ശശിധരൻ എന്നിവർ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുമാണ് ജോലി ചെയ്യുന്നത്.

Police brutality; Youth Congress leader beaten up under the leadership of SI, footage of the incident in 2023 released after legal battle

നടപടി സംബന്ധിച്ചു പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ചു നിയമ തടസം വന്നതാണു കാരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് തുടർ നടപടി എടുത്താൽ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയർന്നു. എന്നാൽ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്. അഭിപ്രായ ഭിന്നതയെ തുടർന്ന് പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. 

കേസിൽ ഒരിക്കൽ പൊലീസ് നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച ക്രിമനൽ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടർന്നു വീണ്ടും നടപടി എടുത്താൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ മേൽക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാൽ നടപടി പുനഃപരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിലപാട് എടുത്തത്. 2023 ലാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽ മർദനമേറ്റത്.

facebook twitter