തിരുവനന്തപുരം: വീട് വെയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണം. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗര പരിധിയില്‍ 5 സെന്റിലും ഗ്രാമങ്ങളില്‍ 10 സെന്റിലും വീട് വെയ്ക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ ആവശ്യമായ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അനുവാദം നല്‍കണം. നെല്‍വയല്‍ നിയമം വരുന്നതിനു മുന്‍പ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളില്‍ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.