
കോഴിക്കോട് ചങ്ങരോത്ത്, പാലക്കാട് വിളയൂര്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ 'ശുദ്ധികലശം' നടത്തിയ മുസ്ലിം ലീഗ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവേഷകനും സംസ്കൃത പണ്ഡിതനുമായ ടി എസ് ശ്യാം കുമാര്‍. ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന പഞ്ചായത്തുകളുടെ മുന്നിലാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ 'ശുദ്ധികലശം' നടത്തിയത്.
ഈ പ്രവൃത്തിയിലൂടെ ലീഗ് പ്രവര്‍ത്തകര്‍ ഇന്ത്യയിലെ ദളിത് ജനവിഭാഗത്തെയും ഇന്ത്യന്‍ ഭരണഘടനയെയുമാണ് അപമാനിച്ചിരിക്കുന്നതെന്നാണ് ടി എസ് ശ്യാം കുമാറിന്റെ വിമര്‍ശനം. പഞ്ചായത്ത് ഓഫീസിന് മുന്പില് 'ശുദ്ധികലശം' നടത്തിയ മുസ്ലിം ലീഗുകാരുടെ രാഷ്ട്രീയം അയിത്തവും സവര്‍ണതയും അങ്ങേയറ്റത്തെ ഹിംസയും പുലര്‍ത്തുന്ന രാഷ്ട്രീയം തന്നെയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ടി എസ് ശ്യാം കുമാര്‍ വിമര്‍ശിച്ചിട്ടുണ്ട്. കാലങ്ങളായി ജാതി ഹിന്ദുക്കള്‍ കീഴോര്‍ മനുഷ്യരോട് വെച്ചു പുലര്‍ത്തുന്ന വെറുപ്പിന്റെയും പുറന്തള്ളലിന്റെയും സാംസ്കാരിക രാഷ്ട്രീയമാണ് 'ശുദ്ധികലശം' നടത്തിയ ലീഗുകാര്‍ പിന്‍പറ്റുന്നതെന്നും ശ്യാം കുമാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ജാതി-വ്യവസ്ഥയുടെ പുറന്തള്ളല്‍ ഹിംസ ഇന്ത്യയിലെ മറ്റിതര മതവിഭാഗങ്ങളിലുള്പ്പെട്ടവരും സ്വാംശീകരിച്ചിട്ടുള്ളതിന്റെ അനന്തരഫലം കൂടിയായി ഈ ശുദ്ധികലശത്തെ വിലയിരുത്തേണ്ടിവരുമെന്നും ശ്യാം കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലും പാലക്കാട് വിളയൂര്‍ പഞ്ചായത്തിലും ലീഗ് പ്രവര്‍ത്തകര്‍ 'ശുദ്ധികലശം' നടത്തിയത്. കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തില്‍ ഭരണം തിരിച്ച് പിടിച്ചതിന് പിന്നാലെ നടന്ന ആഹ്ളാദപ്രകടനത്തിനിടെയായിരുന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ചാണകവെള്ളം തളിച്ച് പ്രതീകാത്മക 'ശുദ്ധീകരണം' നടത്തിയത്. താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആളായത് കൊണ്ടാണ് ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്നില്‍ ശുദ്ധികലശം നടത്തിയതെന്ന് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉണ്ണി വെങ്ങോരി പ്രതികരിച്ചിരുന്നു. യുഡിഎഫ് സമീപ പഞ്ചായത്തുകളില്‍ വിജയിച്ചെങ്കിലും സമാനനിലയിലുള്ള 'ശുദ്ധികലശം' നടത്തിയിട്ടില്ലെന്നും ഉണ്ണി ചൂണ്ടിക്കാണിച്ചു. 'ശുദ്ധികലശം' നടത്തിയ സംഭവത്തില്‍ ഉണ്ണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചെന്ന അടിക്കുറിപ്പോടെ ലീഗ് പ്രവര്‍ത്തകര്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.