അലഹബാദ് : ലിവ്-ഇൻ റിലേഷനിൽ കഴിയുന്ന പ്രായപൂർത്തിയായവരുടെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിച്ച് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് നേരെ കുടുംബങ്ങളിൽ നിന്നോ സമൂഹത്തിൽ നിന്നോ ഭീഷണിയുണ്ടായാൽ, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സ്റ്റേറ്റിന്റെ (State) ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. കുടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് കാണിച്ച് 12 ലിവ്-ഇൻ ദമ്പതികൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
ലിവ്-ഇൻ പങ്കാളികൾ വിവാഹിതരല്ല എന്നത് അവർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിക്കാനുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി പ്രായപൂർത്തിയായാൽ എവിടെ താമസിക്കണമെന്നും ആരെ പങ്കാളിയായി തിരഞ്ഞെടുക്കണമോയെന്നും തീരുമാനിക്കാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യമുണ്ട്. ഈ തീരുമാനത്തെ എതിർക്കാനോ അവരുടെ സമാധാനപരമായ ജീവിതത്തെ തടസ്സപ്പെടുത്താനോ കുടുംബാംഗങ്ങൾക്കുപോലും അവകാശമില്ല. പ്രായപൂർത്തിയായവരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ജസ്റ്റിസ് സന്ദീപ് കുമാർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സമൂഹത്തിന്റെ ധാർമ്മിക ബോധവും നിയമസാധുതയും രണ്ടാണെന്ന് കോടതി വിധിയിൽ ഓർമ്മിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് ലിവ്-ഇൻ ബന്ധങ്ങൾ ഇപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകാം. എന്നാൽ വ്യക്തിപരമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമ്മികത മാറാമെങ്കിലും, നിയമം ഇത്തരം ബന്ധങ്ങളെ നിരോധിക്കുന്നില്ല. സമൂഹം ഈ ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ടോ എന്നതിനേക്കാൾ പ്രധാനം, ഭരണഘടന ഈ വ്യക്തികളെ സംരക്ഷിക്കുന്നുണ്ടോ എന്നതാണ്. ലിവ്-ഇൻ ബന്ധങ്ങൾക്ക് സംരക്ഷണം നിഷേധിച്ച മുൻപത്തെ ചില ഹൈക്കോടതി വിധികളെയും കോടതി ഈ വിധിയിൽ പരാമർശിച്ചു.
ഭീഷണി നേരിടുന്ന 12 ദമ്പതികൾക്കും അടിയന്തരമായി പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു. ജില്ലാ പോലീസിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഇവർ കോടതിയെ അഭയം പ്രാപിച്ചത്. ഇത്തരം നിരവധി കേസുകൾ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും, ഏത് പൗരനായാലും അവരുടെ മനുഷ്യജീവിതത്തിനുള്ള അവകാശത്തെ വളരെ ഉയർന്ന തലത്തിൽ തന്നെ പരിഗണിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.