
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഹരിത മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഹരിത ബൂത്തുകൾ സജ്ജമായി. സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളും ഹരിതചട്ടം പാലിക്കുന്നതിനു പുറമേ വിവിധ ജില്ലകളിലായി നിരവധി ബൂത്തുകൾ 'മാതൃക ഹരിത ബൂത്തുകൾ' എന്ന നിലയിലും സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി 595 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 11168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 15,432 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവയെല്ലാം ഹരിത ചട്ടം പാലിക്കുന്നവയാണ്.
എല്ലാ ബൂത്തുകളിലും ജൈവ, അജൈവ മാലിന്യങ്ങൾ ഇടുന്നതിന് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ഗ്ലാസ്സ് ടംബ്ലർ, സ്റ്റീൽ ഗ്ലാസ്സ് എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, 814 പോളിംഗ് ബൂത്തുകൾ മാതൃക ഹരിത ബൂത്തുകളായി പ്രകൃതി സൗഹൃദമായി സജ്ജമാക്കിയിട്ടുണ്ട്. 574 മാതൃകാ ബൂത്തുകളുമായി എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മാതൃകാ ഹരിതബുത്തുകൾ സജ്ജമാക്കിയിട്ടുള്ളത്. ഓല, മുള, ഈറ്റ, പനമ്പ്, തഴപ്പായ, വാഴയില, മാവില, കുരുത്തോല, പേപ്പർ, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക ഹരിത ബൂത്തുകൾ അലങ്കരിച്ചിട്ടുള്ളത്. ഈ ബൂത്തുകളിൽ ഹരിത സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജൈവ-അജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കുന്നതിനായി പ്രകൃതിസൗഹാർദ്ദപരമായ ഓലകൊണ്ടും പനയോലകൊണ്ടും ഉണ്ടാക്കിയ 'ബിന്നുകൾ' (വല്ലങ്ങൾ) ചില ജില്ലകൾ സജ്ജീകരിച്ചിട്ടുണ്ട്.
മിക്ക ജില്ലകളിലും കളക്ഷൻ/ ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ ഹരിതകർമ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഉൾപ്പെടെ ചില ജില്ലകളിൽ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്, ഹരിതചട്ടം ഉറപ്പാക്കിക്കൊണ്ട് സ്റ്റീൽ/സിറാമിക് പ്ലേറ്റുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.