കോടമഞ്ഞും കുളിരും പെയ്തിറങ്ങുന്ന മല ;കൊടും വനത്തിനുള്ളില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ശ്രീകൃഷ്ണ ക്ഷേത്രം ​​​​​​​

06:15 PM Sep 01, 2025 | Kavya Ramachandran

കാറ്റിൽ  വീശുന്ന മണിയുടെ  നാദം , തണുത്ത മഞ്ഞ് ചുറ്റും വീഴ്‌ത്തുന്ന  മൂടൽ , ആരെയും വിസ്മയിപ്പിക്കുന്ന കാറ്റ് ,  ഇക്കാണുന്ന വിസ്മയങ്ങളെല്ലാം സ്വന്തം മടിത്തട്ടിലൊതുക്കിക്കൊണ്ട് തലയുയർത്തി നിൽക്കുന്നൊരു കുന്ന്. അതാണ് ഹിമവദ് ഗോപാല സ്വാമി ബെട്ട!. ചോള രാജാക്കൻമാർ നിർമിച്ചൊരു ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെയുണ്ട്.

കാർണാടകയിലെ ചാമരാജനഗർ ജില്ലയുടെ ഉയർന്ന മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, കൃഷ്ണന്റെ "ഗോപാല" സ്വരൂപത്തെ ആരാധിക്കുന്ന അപൂർവസ്ഥലമാണ്. ‘ഹിമാവദ്’ എന്ന പേരിന് പിന്നിൽ, വർഷം മുഴുവൻ മൂടിക്കിടക്കുന്ന മഞ്ഞിന്റെ സൗന്ദര്യകഥകളുണ്ട്. ഭക്തന്മാർക്ക് മാത്രമല്ല, പ്രകൃതി പ്രേമികൾക്കും ട്രെക്കർമാർക്കും ഇത് ഒരുപോലെ സ്വപ്നയാത്രയായിരിക്കും .

സ്വർണ്ണവർണ്ണമായ പ്രവേശന കവാടം. കവാടം കടന്ന് കുറച്ച് പടികൾ കയറിയാൽ ക്ഷേത്രത്തിനകത്തെത്താം. നല്ല തണുപ്പുളള അകത്തളം. വൈകുന്നേരങ്ങളില്‍ കോടമഞ്ഞ് മൂടുന്ന പ്രദേശങ്ങളാണ്. മൺസൂൺ കാലങ്ങളിൽ ദിവസം മുഴുവനും കോടമഞ്ഞ് തന്നെയായിരിക്കും.ഇവിടേക്കെത്തുന്ന സഞ്ചാരികളെ അത്ഭുദപ്പെടുത്തുന്ന മറ്റൊരു   സവിശേഷതയാണ്  വീശിയടിക്കുന്ന കാറ്റ് .

ചാമരാജനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 1315 ൽ, ചോള രാജവംശത്തിൽപ്പെട്ട ബല്ലാല എന്ന രാജാവാണ് പണികഴിപ്പിച്ചത്. ഇതൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ്. വീതിയുളള പ്രദക്ഷിണവഴിയാണ്, പിൻഭാഗത്ത് മതിൽക്കെട്ടിന് ഉയരം കുറവാണ്. അതിനപ്പുറം വിശാലമായ മൊട്ടക്കുന്നുകളാണ്. ഈ പുൽത്തകിടിയിലെല്ലാം പലപ്പോളും ആനക്കൂട്ടങ്ങളിറങ്ങാറുണ്ട്.

വൈകുന്നേരങ്ങളിൽ ഇവിടം വളരെ മനോഹരമായിരിക്കും. ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇവിടെ നിന്ന് കാണുന്ന ഉദയവും, അസ്തമയവും വളരെ സുന്ദരമാണ്.

ഹംഗളയിൽ നിന്നും ഗോപാലസ്വാമി മലയുടെ അടിവാരം വരെയുള്ള നീണ്ടു നിവർന്നു കിടക്കുന്ന റോഡും, സമീപമുള്ള കാഴ്ചകളും സഞ്ചാരികളെ ആകർഷിയ്ക്കുന്നതാണ്. ഇതു കൂടാതെ ഗോപാലസ്വാമി മലമുകളിലേയ്ക്കുള്ള പ്രത്യേക ബസ്സ് യാത്രയും കാഴ്ചകൾ നിറഞ്ഞതാണ്.മലമുകളിലേയ്ക്കുള്ള ചുരം റോഡ് കയറുമ്പോൾ താഴ്‌വരയിലെ വിശാലമായ കൃഷിയിടങ്ങൾ കാണാം.