റീല്‍സ് എടുക്കാനുള്ള യുവതിയുടെയും ബന്ധുവിന്റെയും കൈവിട്ട കളി വലിയ നാശനഷ്ടമുണ്ടാക്കി. പാചക വാതകം (എല്‍പിജി) തുറന്നുവിട്ടാണ് റീല്‍സെടുക്കാന്‍ ശ്രമിച്ചത്. പൊട്ടിത്തെറിയില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഏഴ് നില കെട്ടിടത്തിലെ നിരവധി ഫ്‌ലാറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
രഞ്ജന ജാട്ടും ബന്ധു അനില്‍ ജാട്ടും ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ ഭിന്ദ് റോഡിലെ ലെഗസി പ്ലാസ കെട്ടിട സമുച്ചയത്തില്‍ പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവം. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടയില്‍ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനില്‍ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്.
ഏകദേശം 17 മിനിറ്റ് ഇരുവരും വീഡിയോ ചിത്രീകരിച്ചു. താമസിയാതെ അപ്പാര്‍ട്ട്‌മെന്റ് ഒരു ഗ്യാസ് ചേമ്പറായി മാറി. ചിത്രീകരണത്തിനായി കൂടുതല്‍ വെളിച്ചം കിട്ടാന്‍ അനില്‍ സിഎഫ്എല്‍ ലൈറ്റ് ഓണാക്കിയപ്പോള്‍ തീ പടര്‍ന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇതോടെ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
ആ കെട്ടിട സമുച്ചയത്തിലെ എട്ട് ഫ്‌ലാറ്റുകള്‍ക്ക് കേടുപാട് സംഭവിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് ഇത്തരം അപകടകരമായ വീഡിയോകള്‍ ഇവര്‍ പതിവായി ചിത്രീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി