തൃശൂര്‍: മിണാലൂരില്‍ അടച്ചിട്ട സ്ഥാപനത്തില്‍ നിന്നും പത്തു ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ കവര്‍ന്നു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. കമ്പനിയുടെ സെക്യൂരിറ്റി ജീവനക്കാരന്‍ അസുഖം മൂലം അവധിയിലായിരുന്നു. കമ്പനി ഉടമ സ്ഥലത്തെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. കോണ്‍ക്രീറ്റിങ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടൂളുകള്‍ നിര്‍മിക്കുന്ന ഭാരമേറിയ ഇരുമ്പ് ഡൈകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
പല ദിവസങ്ങളിലായാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് എടുത്തു കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ ഇരുമ്പ് ഡൈ മോഷണത്തിന് പിന്നില്‍ ഒരു സംഘം ഉള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. കമ്പനിക്ക് പിന്നിലെ മതില്‍ തകര്‍ത്ത നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും മറ്റും പരിസരത്തുനിന്നും കണ്ടെടുത്തു. പത്തുലക്ഷം രൂപയിലധികം നഷ്ടമുണ്ടെന്ന് കമ്പനിയുടമ പറഞ്ഞു. കമ്പനിക്ക്് പിന്നില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നതായും ആരോപണമുണ്ട്.