മധ്യപ്രദേശിൽ 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് പോഷകാഹാര കുറവുമൂലം

02:35 PM Aug 19, 2025 | Neha Nair

മധ്യപ്രദേശ് : പെൺകുട്ടിയായതുകൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ട 15 മാസം പ്രായമുള്ള കുഞ്ഞ് പോഷകാഹാരക്കുറവ് മൂലം മരിച്ചു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. മരിക്കുമ്പോൾ കുട്ടിയുടെ ഭാരം 3.7 കിലോഗ്രാം മാത്രമായിരുന്നു. 15 മാസം പ്രായമുള്ള കുട്ടികൾക്ക് ചുരുങ്ങിയത് 8.6 കിലോഗ്രാം തൂക്കമാണ് വേണ്ടത്. പെൺകുട്ടിയായതിനാൽ കുടുംബം ചികിത്സ നിഷേധിച്ചതായി കുട്ടിയു​ടെ മാതാവ് പറഞ്ഞു.

ദിവ്യാൻഷി എന്ന കുഞ്ഞാണ് ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ ദാരുണമായി മരിച്ചത്. കുട്ടിയു​ടെ ഹീമോഗ്ലോബിൻ അളവ് വെറും 7.4 ഗ്രാം/ഡെസിലിറ്ററായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. 15 മാസം പ്രായമുള്ള കുട്ടികൾക്ക് ചുരുങ്ങിയത് 11.5 ഗ്രാം വേണം. ഗുരുതരമായ അലംഭാവമാണ് കുട്ടിയുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾ പുലർത്തിയത്.

ദസ്തക് അഭിയാൻ പദ്ധതി പ്രകാരം നടത്തിയ പരിശോധനയിൽ കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു​വെന്നും ചികിത്സ തേടാൻ കുടുംബത്തെ പ്രേരിപ്പിച്ചിരുന്നുവെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. എന്നാൽ, തന്റെ ഭർതൃവീട്ടുകാർ കുട്ടിക്ക് ഒരു തരത്തിലുള്ള ചികിത്സയും നൽകാൻ സമ്മതിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ‘അവൾ ഒരു പെൺകുട്ടിയല്ലേ അവൾ മരിക്കട്ടെ, എന്നാണ് അവൾക്ക് അസുഖം വരുമ്പോഴെല്ലാം അവർ പറയാറുണ്ടായിരുന്നത്’ -അമ്മ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഷിയോപൂരിൽ മറ്റൊരു കുട്ടിയും പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടിരുന്നു. രാധിക എന്ന കുട്ടിയാണ് മരിച്ചത്. മരണസമയത്ത് 2.5 കിലോഗ്രാം മാത്രം ഭാരമുള്ള പെൺകുട്ടി, ജനിക്കുമ്പോൾ ആരോഗ്യവതിയായിരുന്നത്രേ. ഭിന്ദ് ജില്ലയിലും സമാനമായ മരണം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ഇവിടെ പെൺകുട്ടികളോടുള്ള വിവേചനം സ്ഥിതി കൂടുതൽ വഷളാക്കുന്നു.